ഇന്നത്തെ പ്രധാന വാർത്തകൾ (3/5/2019)

മുസ്ലിം ലീഗ് പ്രവർത്തകരുടെ കള്ള വോട്ട് സ്ഥിരീകരിച്ചു; കേസെടുക്കാൻ ശുപാർശ ചെയ്യുമെന്ന് ടിക്കാറാം മീണ
കാസർകോട് മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുഹമ്മദ് ഫായിസ്, കെഎം മുഹമ്മദ്, അബ്ദുൽ സമദ് എന്നിവർ കള്ള വോട്ട് ചെയ്തുവെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചത്. കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടർക്ക് മൊഴി നൽകിയതായും ടിക്കാറാം മീണ വ്യക്തമാക്കി.
ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം
ഫോനി ചുഴലികാറ്റ് ഒഡീഷയിൽ ആഞ്ഞടിക്കുന്നു. ചുഴലികാറ്റിൽ ആറു പേർ കൊല്ലപെട്ടു. ഒഡീഷയിലാകെ വ്യാപക നാശനഷ്ടമുണ്ടായി. പുരിയിലെ നിരവധി ഗ്രമാങ്ങൾ വെള്ളത്തിനടിയിലാണ്. 50 കമ്പനി ദുരന്തനിവാരണ സേന സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കേന്ദ്ര സർക്കാർ 1000 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് സ്റ്റേ. നടിയുടെ ദൃശ്യങ്ങൾ ഉണ്ടെന്നു പറയുന്ന മെമ്മറി കാർഡ് തൊണ്ടിയാണോ തെളിവാണോ എന്നത് സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിക്കാൻ പൊലീസ് സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് വിചാരണ സ്റ്റേ ചെയ്തത്. ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഫോനി ചുഴലിക്കാറ്റ് കരയിലെത്തി; ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത
ഒഡീഷയെ മുൾമുനയിലാക്കി ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റെത്തിയത്. മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. കാറ്റിനെ തുടർന്ന് ഒഡീഷയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ ഒഡീഷയിലും ആന്ധ്രയിലും തീരപ്രദേശങ്ങളിൽ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 12 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here