Advertisement

ഗപ്റ്റിലും വിജയ് ശങ്കറും തിളങ്ങി; ഡൽഹിക്ക് 163 റൺസ് വിജയലക്ഷ്യം

May 8, 2019
Google News 0 minutes Read

ഐപിഎൽ എലിമിനേറ്ററിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിൽ 162 റൺസാണ് സൺ റൈസേഴ്സ് നേടിയത്. 5 ബാറ്റ്സ്മാന്മാരുടെ ഇരട്ട സ്കോറുകളാണ് സൺ റൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മൂന്ന് വിക്കറ്റെടുത്ത കീമോ പോളാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

വളരെ മികച്ച രീതിയിലാണ് ഹൈദരാബാദ് തുടങ്ങിയത്. മാർട്ടിൻ ഗപ്റ്റിൽ വിശ്വരൂപം പൂണ്ടതോടെ ആദ്യ മൂന്നോവറിൽ 31 റൺസ് ഹൈദരാബാദ് സ്കോർ ചെയ്തു. നാലാം ഓവറിൽ 8 റൺസെടുത്ത വൃദ്ധിമാൻ സാഹയെ നഷ്ടമായെങ്കിലും മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച ഗപ്റ്റിൽ കൂറ്റനടികളിലൂടെ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. ആദ്യ പവർ പ്ലേയിൽ 54 റൺസടിച്ച സൺ റൈസേഴ്സിന് തൊട്ടടുത്ത ഓവറിൽ ഗപ്റ്റിലിനെ നഷ്ടമായത് കനത്ത തിരിച്ചടിയായി.

തുടർന്ന് മനീഷ് പാണ്ഡെയും കെയിൻ വില്ല്യംസണും 34 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് ഹൈദരാബാദ് ഇന്നിംഗ്സിന് തിരിച്ചടിയായി. 14ആം ഓവറിൽ 36 പന്തുകളിൽ 30 റൺസെടുത്ത മനീഷ് പാണ്ഡെയും 16ആം ഓവറിൽ 27 പന്തുകളിൽ 28 റൺസെടുത്ത വില്ല്യംസണും പുറത്തായി.

ഇന്നിംഗ്സിൻ്റെ അവസാനത്തിൽ കൂറ്റനടികളിലൂടെ സ്കോർ ഉയർത്തിയ വിജയ് ശങ്കറും മുഹമ്മദ് നബിയുമാണ് ഹൈദരാബാദ് ഇന്നിംഗ്സിന് ഊർജ്ജം പകർന്നത്. 19ആം ഓവറിൽ പുറത്താകുമ്പോൾ വിജയ് ശങ്കർ 11 പന്തുകളിൽ 25 റൺസ് നേടിയിരുന്നു. അവസാന ഓവറിൽ 13 പന്തുകളിൽ 20 റൺസെടുത്ത നബിയും പുറത്തായി. അവസാന ഒവറിൽ മൂന്ന് വിക്കറ്റുകളാണ് കൊഴിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here