Advertisement

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; ബീഹാറുകാരൻ മോട്ടി പ്രസാദ് ഏകഛത്രാധിപതി ആയതിങ്ങനെ

May 9, 2019
Google News 1 minute Read

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന. ഏഷ്യയിലെ ആനകളിൽ ഉയരത്തിൽ രണ്ടാമൻ. ഏക ചത്രാധിപതി പട്ടമുള്ള കേരളത്തിലെ ഏക ആന. ഏറ്റവും കൂടുതൽ തുക ഏക്കം വാങ്ങുന്ന ആന. അങ്ങനെ ബഹുമതികളേറെ. ജനുവരി 2013ല്‍ കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവുംകൂടുതല്‍ ഏക്കത്തുക (ഒരു ദിവസത്തെ പരിപാടിക്ക് ലഭിക്കുന്ന തുക) യായ രണ്ടു ലക്ഷത്തി അമ്പത്തിയയ്യായിരം രൂപ എന്ന റിക്കോര്‍ഡ് ഇട്ടവനാണ് രാമചന്ദ്രൻ. 150 എഴുന്നെള്ളിപ്പെങ്കിലും ഒരു വർഷം ഉണ്ടാകും. ഒരാഴ്ചത്തെ പാട്ട വ്യവസ്ഥയിൽ ഇവനെ എടുക്കുന്ന ഏജന്റുമാർ മറ്റ് ഉത്സവങ്ങൾക്ക് മറിച്ചു നൽകി വാങ്ങുന്നത് ലക്ഷങ്ങൾ.

ബഹുമതിയോടൊപ്പം തന്നെ കുപ്രസിദ്ധിയും ധാരാളം. ആറ് പാപ്പാൻമാരേയും, നാല് സ്ത്രീകളേയും, ഒരു വിദ്യാർത്ഥിയേയും, രണ്ടു പുരുഷന്മാരേയും ഇവൻ കൊന്നിട്ടുണ്ട്. മൊത്തം 13 പേർ. അനേകം പേർക്ക് പരിക്ക്‌. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരൻ എന്ന ആനയേയും ആക്രമിച്ചു കൊന്ന ചരിത്രമുണ്ട്. ഈ ആക്രമണ സ്വഭാവവും കാഴ്ച്ചത്തകരാറുള്ള രാമചന്ദ്രനെ വിദഗ്ദ മെഡിക്കല്‍ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാതെ എഴുന്നള്ളിപ്പിന് അയയ്ക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശം ഉള്ളതുകൊണ്ടാണ് തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കരുതെന്ന് പറയുന്നത്. ഇപ്പോൾ ചെറിയ ശബ്ദം കേട്ടാലും ആക്രമണ സ്വഭാവം കാണിക്കും. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിരണ്ടാണ് ഗൃഹപ്രവേശത്തിനു വന്ന രണ്ടു പേർ മരണപ്പെട്ടത്‌. കേരള ഹൈകോർട്ട് ഇതുവരെ ആറു തവണയെങ്കിലും എഴുന്നള്ളിപ്പ് നിരോധിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും അവന്റെ പെരുമയിൽ നടപ്പായില്ല.

Read Also: ആന ഉടമകളും സർക്കാരുമായുള്ള ചർച്ച ഇന്ന്; തൃശൂർ പൂരത്തിന് ആന ഉടമകൾ സഹകരിക്കുമോയെന്ന് ഇന്നറിയാം

പത്തരയടി ഉയരമുണ്ട് രാമചന്ദ്രന്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തു നിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചു നിൽക്കുമെന്നതാണ് ആകർഷണീയത.

കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്. ഇപ്പോൾ അമ്പത്തിനാലോളം വയസ്സ് പ്രായം വരും. കേരളത്തിൽ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.

1982 ലാണ് ജന്മംകൊണ്ട് ബീഹാറിലെ ആനച്ചന്തയിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലേക്ക് വണ്ടികയറുന്നത്. 13 വയസ്സോളമുള്ളപ്പോളായിരുന്നു ഈ യാത്ര. മോട്ടിപ്രസാദ് എന്ന് പേരുള്ള ഈ ആനയെ ആനലക്ഷണശാസ്ത്രം നോക്കിയാണ് വാങ്ങിയത്.

കേരളത്തില്‍ മോട്ടിപ്രസാദ് എന്ന പേര് വേരുപിടിക്കില്ലെന്നതിനാല്‍ ആനയ്ക്ക് ഗണേശനെന്ന് പേരിട്ടു. ആവശ്യക്കാരെ കാത്ത് ഏജന്റിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 1984 മാര്‍ച്ചില്‍ പേരാമംഗലത്തുള്ള തെച്ചിക്കോട്ട് ദേവസ്വം അധികൃതര്‍ ദേവസ്വത്തിന്റെ വകയായി ഒരു ആനയെ നടക്കിരുത്താൻ തീരുമാനിക്കയും ഈ ആനയെപ്പറ്റി കേട്ടിരുന്ന അവർ തേടിയെത്തി ഇതിനെ വാങ്ങുകയും ചെയ്തു. അവർ ഗണേശനെ വാങ്ങി തെച്ചിക്കൊച്ചുകാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. രാമചന്ദ്രനെന്ന് പുനര്‍നാമകരണം ചെയ്തു.

വന്നിറങ്ങിയതു മുതല്‍ ദേവസ്വത്തിന് രാമചന്ദ്രന്‍ എന്ന ആന സൃഷ്ടിച്ച തലവേദനകള്‍ ചില്ലറയല്ല. നിരവധി കാലം ആനയെ തറിയില്‍ ബന്ധിച്ചു. പാപ്പാന്‍മാരെ അടുപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ഇവൻ. ആനയെ നടയ്ക്കിരുത്തിയതിനാല്‍ ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ല. ക്ഷേത്രാചാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയെന്ന പൊതു തീരുമാനത്തിലാണ് ദേവസ്വം എത്തിച്ചേര്‍ന്നത്.

Read Also: തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്ന നിലപാട് സർക്കാരിൽ നിന്നുണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ

എന്നാല്‍ രാമചന്ദ്രനെ കാത്തിരുന്ന വിധി വേറെയായിരുന്നു. തെച്ചിക്കോട്ടുകാവിലെത്തി അധികം കഴിയുംമുമ്പേ രാമചന്ദ്രന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇല്ലാതായി. വികൃതി കാണിച്ച ആനയ്ക്ക് പാപ്പാന്‍മാര്‍ നല്‍കിയ ക്രൂരമായ ശിക്ഷയായിരുന്നു ആ അന്ധത. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതുകണ്ണിന്റെ സ്വാധീനവും പതുക്കെ ഇല്ലാതാകുന്ന അവസ്ഥയായിരുന്നു. പിന്നീട് കെട്ടുതറിയില്‍ നിര്‍ത്തി ഏറെക്കാലത്തെ ചികിത്സ. ക്ഷേത്രത്തിന് പുറത്തേക്ക് ആനയെ കൊണ്ടുപോകാന്‍ ഇനിയൊരിക്കലും സാധിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ കരുതിയിരുന്നിടത്താണ് പാലക്കാട് എരുമയൂര്‍കാരനായ മണി ആനയുടെ ഒന്നാംപാപ്പാനായി വരുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നീടുള്ള എല്ലാ ഖ്യാതികള്‍ക്കും ദേവസ്വം കടപ്പെട്ടിരിക്കുന്നത് എരുമയൂര്‍ മണിയോടാണ്.

21 കൊല്ലം മുമ്പായിരുന്നു അത്. 1997 ല്‍ രാമചന്ദ്രനെ തറിയില്‍ നിന്നും അഴിച്ച് എരുമയൂര്‍ മണി അല്‍പ്പം വെള്ളം നല്‍കി. ആദ്യമായി ഏല്‍ക്കുന്ന ആനയെ തനിക്ക് വിധേയനാക്കാന്‍ പാപ്പാന്‍മാര്‍ പട്ടിണിക്കിടുന്ന പതിവുണ്ട്. വാട്ടുക എന്നാണ് ഇതിനു പേര്. എന്നാല്‍ അതുവരെയില്ലാത്ത രുചികള്‍ രാമചന്ദ്രന് നല്‍കി മണി ആനയുടെ വിശ്വാസം പിടിച്ചുപറ്റി. മണിയുടെ മണം പിടിച്ചാൽ ശാന്തനാകുന്ന രാമചന്ദ്രൻ. മണിയാണ് രാമചന്ദ്രന്റെ പിന്നെയുള്ള എല്ലാ ഖ്യാതിക്കും കാരണം. പതുക്കെ പതുക്കെ മണിയുടെ ബലത്തിൽ രാമചന്ദ്രനെ എഴുന്നള്ളിപ്പിന് അയച്ചു തുടങ്ങി. പിന്നെയുള്ളത് അവിശ്വസനീയമായ വളർച്ച. നിലവിൽ ഈ ആനക്കു് അഞ്ചു പാപ്പാന്മാരുണ്ട്.

(സജു ജോസഫ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here