ഇന്നത്തെ പ്രധാന വാർത്തകൾ (12-05-2019)

ലോക്സഭാ തെരെഞ്ഞടുപ്പിന്റെ ആറാംഘട്ടത്തിലും ഭേദപ്പെട്ട പോളിംഗ്
ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ആറാംഘട്ടത്തിലും ഭേദപ്പെട്ട പോളിംഗ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എല്ലാം സംസ്ഥാനങ്ങളും 45 ശതമാനത്തിന് മേൽ പോളിംഗ് രേഖപ്പെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷിണി ഉള്ളതിനാൽ ജാർഖണ്ഡിൽ പോളിംഗ് 4 മണിക്ക് അവസാനിച്ചു. കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ, വിദേശ്യകാര്യ മന്ത്രി സുഷ്മ സ്വരാജ്, എന്നീ പ്രമുഖർ വോട്ട് ചെയ്തു.
കേരള കോൺഗ്രസിൽ പടയൊരുക്കം;ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ
ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനായി കേരള കോൺഗ്രസിൽ നീക്കങ്ങൾ തുടങ്ങി. കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് ഒമ്പത് ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിൽ സി.എഫ് തോമസ് അതൃപ്തി പ്രകടിപ്പിച്ചു.
പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണം; പിഎസ്‌സിയുടെ കത്ത് പുറത്ത്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ പിഎസ്‌സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇക്കാര്യമാവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി സർക്കാരിലേക്കയച്ച കത്ത് പുറത്തായി. കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
മോശം കാലാവസ്ഥയിലെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി; റഡാർ ബൈനോക്കുലർ അല്ലെന്ന് സോഷ്യൽ മീഡിയ
ശക്തമായ മഴയിലും മേഘങ്ങൾ മൂടിയ അന്തരീക്ഷത്തിലും ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് നാഷൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മേഘവും മഴയും ആക്രമണത്തിന് ഗുണകരമാകുമെന്ന് കരുതി. താൻ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല. എന്നാലും റഡാറുകളിൽ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന ആശയം തന്റെ മനസിൽ ഉദിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘മേഘസിദ്ധാന്ത’ത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
തെക്കേഗോപുരനട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂരത്തിന് തുടക്കമായി
പൂരങ്ങളുടെ പൂരം തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. തെക്കേഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ഏകഛത്രാദിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തിറങ്ങി. വൻ ജനാവലിയാണ് ചടങ്ങുകൾ കാണാൻ വടക്കുംനാഥക്ഷേത്രത്തിൽ എത്തിയിരിക്കുന്നത്. പൂരനഗരി അക്ഷരാത്രത്തിൽ പൂരത്തിന്റെ ലഹരിയിലാണ്.
പൊലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കാസർഗോഡ് 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന കാസർഗോഡ് ബേക്കലിലെ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടിയില്ലെന്ന് പരാതി. ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാർക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here