അഴിമതി വച്ചുപൊറുപ്പിക്കില്ല; പൂർണ്ണമായി തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നസൽപേര് സമ്പാദിച്ചുവെന്ന് പറയുമ്പോഴും ചിലയിടങ്ങളിൽ അത് പൂർണമായി തുടച്ച് നീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർവീസ് മേഖലയുടെയാകെ ജാഗ്രതയുണ്ടാകണം. അഴിമതി എവിടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ അത് തിരുത്താനാകണം. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ ഓഫീസുകളെ കൂടുതലായി സമീപിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അവരുടെ പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനാകണം. സമയോചിതമായി കാര്യങ്ങൾ നീക്കണം. സർവീസിനു ചേരാത്ത ദുഷ്പ്രവണതകൾ നിർബന്ധമായും അവസാനിപ്പിക്കണം. കെട്ടിക്കിടക്കുന്നഫയലുകൾ തീർപ്പാക്കാൻ ഗൗരവപരമായ ഇടപെടലുണ്ടാകണമെന്നുംഅപേക്ഷകരെ അനാവശ്യമായി കാണാൻ ശ്രമിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവീസ് മേഖലയെ കലുഷിതമാക്കുന്ന ഒരു നടപടിയും ഇക്കഴിഞ്ഞ മൂന്നു വർഷ കാലത്ത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, സർവീസ് മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്തു. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളെയാകെ ദുർബലപ്പെടുത്തുന്ന നീക്കമാണ് കേന്ദ്ര സർക്കാരിന്റേത്. സ്വകാര്യവൽക്കരണവും കോർപറേറ്റ് വൽക്കരണവും കഴിഞ്ഞ അഞ്ചുവർഷത്തേതിനേക്കാൾ ശക്തമാകും എന്നാണ് മനസിലാക്കാനാകുന്നത്. തങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് ഒപ്പം നിൽക്കുന്ന സർക്കാരിനെ അധികാരത്തിലേറ്റാൻ കോർപറേറ്റുകൾക്ക് കഴിഞ്ഞു. കോർപറേറ്റുകളെ വിട്ട് ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here