Advertisement

എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയവും അധ്യാപക നിയമനവും ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

June 16, 2019
Google News 0 minutes Read

എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയവും അധ്യാപക നിയമന ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി വ്യാജ അഡ്മിഷന്‍ ഒരെണ്ണം പോലും ഓണ്‍ലൈനിലുണ്ടാകരുതെന്നും ഇക്കാര്യം പ്രഥമാധ്യാപകര്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തസ്തിക നിര്‍ണയത്തിനു ശേഷം പരിശോധനയില്‍ വ്യാജ അഡ്മിഷന്‍ കണ്ടെത്തിയാല്‍ പ്രഥമാധ്യാപകനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

എയ്ഡഡ് സ്‌കൂളുകളിലെ വ്യാജ അഡ്മിഷനും ഇതുപയോഗിച്ച് നടത്തുന്ന അനധികൃത അധ്യാപക നിയമനങ്ങളും 24 പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെ ക്രമക്കേട് തടയാന്‍ സര്‍ക്കാര്‍ നടപടിയും തുടങ്ങി. വ്യാജ അഡ്മിഷനും ഇതുപയോഗിച്ചുള്ള അധ്യാപക നിയമനവും പൂര്‍ണമായും തടയുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം മുതല്‍ അധ്യാപക തസ്തിക നിര്‍ണയവും നിയമന അംഗീകാരവും ഓണ്‍ലൈനാക്കുന്നത്.

സമ്പൂര്‍ണ സോഫ്റ്റ്വെയറില്‍ നല്‍കുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ സമന്വയ സോഫ്റ്റ് വെയര്‍ വഴിയാണ തസ്തിക നിര്‍ണയവും നിയമന അംഗീകാരവും നിര്‍വഹിക്കുക. ഈ വര്‍ഷം മുതല്‍ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നിന്നും സമന്വയയിലേക്ക് നേരിട്ട് ലിങ്ക് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരാകും തസ്തിക നിര്‍ണയം നടത്തുക. തുടര്‍ന്ന് ഓണ്‍ലൈനായി തന്നെ നിയമന അംഗീകാരവും നല്‍കും. ഈ തസ്തികളിലേക്ക് മാനേജര്‍മാര്‍ നിയമനം നല്‍കിയാല്‍ മാത്രം മതി.

കഴിഞ്ഞ വര്‍ഷം വരെ കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍മാര്‍ അധിക തസ്തിക കണക്കാക്കി അധ്യാപക നിയമനം നടത്തുകയാണ് ചെയ്തിരുന്നത്. ഇതിലാണ് വന്‍തോതിലുള്ള ക്രമക്കേട് നടക്കുന്നത്. ഓണ്‍ലൈനാകുന്നതോടെ കുട്ടികളുടെ എല്ലാ വിവരങ്ങളും പരിശോധിക്കാനും ഇതനുസരിച്ച് തസ്തിക നിര്‍ണയം നടത്താനും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കഴിയും. കുട്ടികളുടെ എണ്ണം നല്‍കുമ്പോള്‍ വ്യാജ അഡ്മിഷനുകള്‍ ഒരെണ്ണം പോലും സമ്പൂര്‍ണയില്‍ ഉണ്ടാകരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ പ്രഥമാധ്യാപകര്‍ക്കായിരിക്കും ചുമതല. പരിശോധനയില്‍ ഏതെങ്കിലും അഡ്മിഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പ്രഥമാധ്യാപകനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ കര്‍ശനമായ അച്ചടക്ക സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here