സൗദിയിൽ ഈ വർഷം ആദ്യപാദത്തിൽ അനുവദിച്ചത് നാല് ലക്ഷത്തോളം തൊഴിൽ വിസകൾ

തൊഴിൽരംഗത്ത് സ്വദേശിവത്കരണം ശക്തമാക്കുമ്പോഴും സൗദി അറേബ്യ ഈ വർഷം ആദ്യപാദത്തിൽ മാത്രം നാല് ലക്ഷത്തോളം തൊഴിൽ വിസകൾ അനുവദിച്ചതായി റിപ്പോർട്ട് . ആദ്യ മൂന്നുമാസത്തിനിടെ 3,90,000 ൽ പരം വിദേശ തൊഴിലാളികളെയാണ് വിവിധ മേഖലകളിലേക്കായി റിക്രൂട്ട് ചെയ്തത്. സൗദി ജനറൽ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാദവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .
രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 2,29,457 ഉം സ്വകാര്യ മേഖലക്ക് 1,43,685 ഉം സർക്കാർ മേഖലക്ക് 17,686 ഉം തൊഴിൽ വിസകൾ അനുവദിച്ചു. ആകെ അനുവദിച്ച വിസകളിൽ 58.8 ശതമാനവും വ്യക്തിഗത ഗണത്തിലാണ്. രാജ്യത്തെ ഗാർഹിക , കാർഷിക തൊഴിൽ മേഖലയിലേക്കും ഒറ്റ വ്യക്തി നടത്തുന്ന ചെറുകിട സ്ഥാപനങ്ങളിലേക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണിത്.
മാർച്ച് വരെ അനുവദിച്ച വിസകളിൽ 2,59,950 എണ്ണം പുരുഷന്മാർക്കും 1,30,878 എണ്ണം സ്ത്രീകൾക്കുമാണ്. ഇതിൽ 1,25,178 പുരുഷന്മാരും 1,04,279 വനിതകളും വ്യക്തിഗത തൊഴിലിടങ്ങളിലേക്കെത്തി. സർക്കാർ മേഖലയിൽ 10,638 പുരുഷന്മാരും 7,048 സ്ത്രീകളും സ്വകാര്യ കമ്പനികളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും 1,24,134 പുരുഷന്മാരും 19,551 സ്ത്രീകളും വിദേശത്ത് നിന്നെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here