സ്ഥലം എത്തിയോ എന്നറിയാൻ തട്ടിവിളിക്കുകയാണ് ചെയ്തത്; സ്ത്രീ പറയുന്നത് തെറ്റെന്ന് കല്ലട ബസിലെ ഡ്രൈവർ

താൻ കുറ്റം ചെയ്തിട്ടില്ലന്ന് കല്ലട ബസിലെ ഡ്രൈവർ ജോൺസൺ. സ്ത്രീ പറയുന്നത് തെറ്റാണ്. സ്ഥലം എത്തിയോ എന്നറിയാൻ തട്ടി വിളിക്കുക മാത്രമാണ് ചെയ്തതെന്നും ജോൺസൺ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. പരാതി നൽകിയ സ്ത്രീ ചാർട്ടിൽ ഉണ്ടായിരുന്നില്ലെന്നും ജോൺസൺ പറയുന്നു. അതേസമയം, കോടതിയിൽ ഹാജരാക്കിയ ജോൺസണെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷൻ പരിശോധിക്കുമെന്നും എം സി ജോസഫൈൻ അറിയിച്ചു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാർ സ്ത്രീകൾക്ക് ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന് പരാതികൾ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷൻ അന്വേഷിക്കുമെന്നും ജോസഫൈൻ പറഞ്ഞു.
കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പർ ബസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കല്ലട ബസിലെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ബസിലെ യാത്രക്കാർ ചേർന്ന് ജോൺസണെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. നേരത്തെ യാത്രക്കാരെ മർദ്ദിച്ചതിന്റെ പേരിൽ കല്ലട ബസ്സ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here