കല്ലട ബസിലെ പീഡനം; കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കല്ലട ബസിലെ പീഡനം. കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എംസി ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്നും എംസി ജോസഫെയ്ന്‍ പറഞ്ഞു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തികൊടുക്കുന്നില്ലെന്ന് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ കല്ലട സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട്ടുകാരി യുവതിയെയാണ് ബസ്സിലെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പുലര്‍ച്ചെ രണ്ട് മണിയോടെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശിനിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

യാത്രക്കാരി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബസ്സിലെ യാത്രക്കാര്‍ ചേര്‍ന്ന് രണ്ടാം ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബസും തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കല്ലട ബസ്സിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top