ഇന്നത്തെ പ്രധാന വാർത്തകൾ ( 21-06-2019)

സിഒടി നസീറിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സിഒടി നസീർ വധശ്രമക്കേസിലെ മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ. സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയാണ് രാജേഷ്. തലശ്ശെരിയിലെ വീട്ടിൽ നിന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. പതിനാറ് സാംപിളുകൾ പോസിറ്റീവെന്ന് കണ്ടെത്തി. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് വിദഗ്ധപരിശോധന നടത്തിയത്.

ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ അവതരിപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ

ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിൽ ചർച്ച വേണോ എന്ന കാര്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ നീക്കം; അഴിമതികൾ കണ്ടു പിടിച്ചതിനുള്ള പ്രതിഫലമെന്ന് രാജു നാരായണസ്വാമി

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയതായാണ് വിവരം. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി സർവീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top