കോതമംഗലത്ത് മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം പോത്താനിക്കാട് മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദ് എന്ന നാൽപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ കാട്ടുചിറയിൽ സജീവന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയോടെയാണ് കോതമംഗലം പോത്താനിക്കാടുള്ള കാട്ടുചിറ സജീവന്റ വീടിന്റെ ടെറസിൽ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സജീവന്റെ കോഴിഫാമിലെ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട പ്രസാദ്. മൃതദേഹത്തിന് സമീപം വീട്ടുടമ സജീവൻ ഉപയോഗിച്ചിരുന്ന എയർഗൺ തകർന്ന നിലയിൽ കണ്ടെത്തി. തോക്കിന്റെ പാത്തി ഉപയോഗിച്ച് പ്രസാദിന് അടിയേറ്റതായും പൊലീസ് കണ്ടെത്തി. എയർഗണിൽ നിന്ന് വെടിയേറ്റുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ബലപ്രയോഗം നടന്ന ലക്ഷണങ്ങളും സ്ഥലത്തുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടുടമ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാത്രി പ്രസാദുമൊത്ത് മദ്യപിച്ചിരുന്നതായാണ് സജീവന്റെ മൊഴി. മദ്യലഹരിയിലാവാം കൊലപാതകമെന്നാണ് നിഗമനം. കുടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമാകും അറസ്റ്റ് രേഖപ്പെത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here