സംസ്ഥാനത്ത്‌ റേഷന്‍ വാങ്ങാത്തവരായി 70,000 കുടുംബങ്ങള്‍; അര്‍ഹരായ ഏഴര ലക്ഷത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്ത്

സംസ്ഥാനത്തു റേഷന്‍ വാങ്ങാത്തവരായി എപിഎല്‍ വിഭാഗത്തില്‍പെട്ട 70,000 കുടുംബങ്ങളുണ്ടെന്ന് ഭക്ഷ്യവകുപ്പ്. അര്‍ഹരായ ഏഴര ലക്ഷത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തുള്ളപ്പോഴാണ് അനര്‍ഹരായവരുടെ ഈ അനാസ്ഥ. റേഷന്‍ സ്വയം വേണ്ടന്ന് വയ്ക്കാനായി സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഗീവ് അപ്പ്’ ആപ്പും ഫലം കണ്ടില്ല.

റേഷന്‍ പട്ടികയില്‍ എപിഎല്‍ വിഭാഗത്തില്‍ അര്‍ഹതയില്ലാത്ത മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തി ലധികം പേരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍
70000 കുടുംബങ്ങള്‍ റേഷന്‍ വിഹിതം വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു.
ഏഴരലക്ഷം അപേക്ഷകള്‍ മുന്‍ഗണന വിഭാഗത്തില്‍ ഇനിയും പരിഗണിക്കാന്‍ ഇരിക്കുന്ന സാചര്യത്തിലാണ് ആനുകൂല്യം ലഭിച്ചവര്‍ റേഷന്‍ പാഴാക്കുന്നത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ മുതല്‍ കാന്‍സര്‍ രോഗികള്‍ വരെ റേഷന്‍ വിഹിതം കിട്ടാത്തവരായുണ്ട്. ആവശ്യമില്ലെങ്കില്‍ റേഷന്‍ വേണ്ടെന്ന് പറയാന്‍ സര്‍ക്കാര്‍ ഗിവ് അപ്പ് ആപ്പ് പുറത്തിറക്കിയിട്ടും 558 പേര്‍ മാത്രമാണ് ഇതു പയോഗിച്ചത്.

കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റ ഭാഗമായി സര്‍ക്കാര്‍ കണ്ടെത്തിയ ഗിവ് അപ്പ് ആപ്പും ഫലം കണ്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റേഷന്‍ വാങ്ങാതെ മറ്റ് ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മാത്രം മുന്‍ഗണനാ പട്ടികയില്‍ ഇടം നേടുന്നവരാണധികവും. ഇങ്ങനെ റേഷന്‍ നിരസിക്കുന്നതിലൂടെ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം നഷ്ടപെടാനാണ് ഇടയാകുന്നത്.

കേന്ദ്ര വിഹിതം നഷ്ടപെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് റേഷന്‍ കട ഉടമകളുടെ സംഘടനയുടെ ആവശ്യം. ഇത്തവണ 43421.43 മെട്രിക്ക് ടണ്‍ അരിയും, 5728.98 മെട്രിക്ക് ടണ്‍ ഗോതമ്പും മുന്‍വര്‍ഷത്തേക്കള്‍ അധികമായി നീക്കിയിരുപ്പുണ്ട്. ഇത് അര്‍ഹരായവര്‍ക്കായി വിനിയോഗിക്കണമെന്ന ആവശ്യമാണ് റേഷന്‍ കട ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.

മൂന്നു മാസത്തിലധികം റേഷന്‍ വാങ്ങാതിരുന്നല്‍ മുന്‍ഗണനാ പട്ടികയിന്‍ നിന്നും റദ്ദാക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ആ പ്രഖ്യാപനം പേരിലൊതുങ്ങുകയാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയുടെ പോരായ്മ വെളിവാക്കുന്നതു കൂടിയാണ് ഈ കണക്കുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top