ഹീറോ ഇന്റർകോണ്ടിനന്റൽ കപ്പ്: സൂസൈരാജ് പുറത്ത്; സഹലും ജോബിയും ടീമിൽ

വരാനിരിക്കുന്ന ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യയുടെ 25 അംഗ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേ സമയം, മൈക്കൽ സൂസൈരാജ്, അൻവർ അലി, നിഖിൽ പൂജാരി തുടങ്ങിയവർ പുറത്തായി. മലയാളി താരം ആഷിഖ് കുരുണിയൻ പരിക്കിനെത്തുടർന്ന് നേരത്തെ പുറത്തായിരുന്നു.

ടൂർണമെൻ്റ് തുടങ്ങുന്നതിനു മുൻപ് ഈ 25 അംഗ ടീമിൽ നിന്നും രണ്ട് പേരെക്കൂടി റിലീസ് ചെയ്യുമെന്ന് സ്റ്റിമാച്ച് അറിയിച്ചു. ക്യാമ്പിലുണ്ടായിരുന്നവരെല്ലാം നന്നായി പ്രകടനം നടത്തിയെന്നും ടൂർണമെൻ്റിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും കളിക്കാൻ അവസരം നൽകി ഭാവിയിലേക്കുള്ള ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും സ്റ്റിമാച്ച് പറഞ്ഞു.

ജൂലായ് ഏഴ് മുതലാണ് ഇൻ്റർകോണ്ടിനൻ്റൽ കപ്പ് ആരംഭിക്കുന്നത്. താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സിറിയ, ഉത്തര കൊറിയ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന മറ്റു ടീമുകള്‍.

അതേ സമയം, രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച അനസ് എടത്തൊടിക ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കോച്ച് ഇഗോർ സ്റ്റിമാച്ച് ക്ഷണിച്ചതിനെത്തുടർന്നാണ് അനസ് വീണ്ടും കുപ്പായമണിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top