നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചത് അവശനിലയിലെന്ന് ഡോക്ടർ

രാജ്കുമാറിനെ അവശനിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആനന്ദ്. ജയിൽ ആംബുലൻസിൽ നിന്ന് രാജ്കുമാറിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. എണീക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഡോക്ടർ ആംബുലൻസിൽ പോയി കാണുകയായിരുന്നു. എക്‌സ്‌റെ എടുത്തപ്പോൾ കാൽ വിരലിൽ പൊട്ടൽ ഉണ്ടായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചോ എന്ന് അറിയില്ലെന്നും സൂപ്രണ്ട് ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്കുമാറിന്റെ മരണത്തിൽ ജയിലധികൃതരുടെ ഭാഗത്തെ വീഴ്ച വ്യക്തമാക്കുന്ന രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. രാജ്കുമാറിന് പീരുമേട് ജയിൽ അധികൃതർ വിദഗ്ധ ചികിത്സ നൽകിയില്ലെന്നതിന്റെ രേഖകളാണത്. രാജ്കുമാറിന്റെ തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ ആശുപത്രി രേഖകളിൽ വ്യക്തമാണ്. ഗുരുതരാവസ്ഥയിലായിരുന്നിട്ടും രാജ്കുമാറിനെ പരിശോധനക്ക് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതികളായ എഎസ്‌ഐ റെജിമോനെയും പൊലീസ് ഡ്രൈവറായ നിയാസിനെയും നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാംപ് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. രണ്ടും മൂന്നും പ്രതികളായ ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. ഒന്നാം പ്രതിയായ എസ് ഐ സാബുവിന്റേയും നാലാം പ്രതിയായ സജീവ് ആന്റണിയുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here