ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; ശിവരഞ്ജിത്തിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് വേണ്ടി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. സർവകലാശാല ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ശിവരഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും
അതിനിടെ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ശിവരഞ്ജിത്തും രണ്ടാം പ്രതി നിസാമും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ആദിലും, അദ്വൈതും പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുമതി തേടിയെങ്കിലും കോടതി അനുവാദം നൽകിയില്ല.
ജൂലൈ 14നാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം പ്രതികൾക്കായി യൂണിവേഴ്സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ്് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പൊലീസ് പരിശോധന നടത്തി. ഡിസിപി ആദിത്യയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ഇതിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
സംഭവ ദിവസം പെട്ടെന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പ്രതികളുടെ വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് ദൃക്സാക്ഷി മൊഴികളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here