ഡിഎൻഎ പരിശോധനാ ഫലം വരുമ്പോൾ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി

ഡിഎൻഎ പരിശോധനാ ഫലം വരുന്നതോടെ കേസിലെ എല്ലാ സത്യവും പുറത്തുവരുമെന്ന് ബിനോയ് കോടിയേരി. ബോംബെ ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ഇന്ന് ഉച്ചയ്ക്ക് മുംബൈയിലെത്തി രക്തസാമ്പിളുകൾ നൽകിയിരുന്നു. മുംബൈ ബൈക്കുളയിലെ ജെ ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാമ്പിൾ നൽകിയത്.
കേസന്വേഷിക്കുന്ന ഓഷ്‌വാര പോലീസ് സ്റ്റേഷന് കീഴിൽ വരുന്ന ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ വെച്ച് രക്തസാമ്പിൾ എടുക്കാനായിരുന്നു നേരത്തെ പൊലീസ് തീരുമാനം. എന്നാൽ ഇത് പിന്നീട് ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ സൗകര്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്നാണ് പൊലീസ് വിശദീകരണം.അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പസ്സൽവാറിന്റെ നേതൃത്വത്തിലാണ് ബിനോയിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചത്.
ഇവ കലീനയിലെ ഫൊറൻസിക് ലാബിലേക്ക് പൊലീസ് നേതൃത്വത്തിൽ തന്നെ എത്തിച്ചു. പരിശോധനകൾ പൂർത്തിയാക്കാൻ രണ്ട് ആഴ്ചയോളം സമയം വേണ്ടിവരും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനാ ഫലം സീൽവച്ച് കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. തനിക്കെതിരായ ലൈംഗിക പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ചിരിക്കുന്ന ഹർജി ബോംബെ ഹൈക്കോടതി ഇതിനു ശേഷമാകും പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here