കശ്മീരിലെ മുസ്ലീം പള്ളികൾ കേന്ദ്രസർക്കാർ കസ്റ്റഡിയിലോ? സത്യമിതാണ്

പൊലീസിനൊപ്പം നിൽക്കുന്ന മുസ്ലീങ്ങളുടെ ചിത്രം. അതിന് നൽകിയിരിക്കുന്ന തലക്കെട്ട് കശ്മീരിലെ മുസ്ലീം പള്ളികൾ കേന്ദ്രസർക്കാർ കസ്റ്റഡിയിൽ എന്ന തരത്തിൽ. ചിത്രങ്ങളും തലക്കെട്ടും തമ്മിൽ ഒരു ബന്ധവുമില്ല. പക്ഷേ കശ്മീരിൽ ‘പ്രത്യേക പദവി’ വിഷയം പുകയുമ്പോൾ ഇത്തരത്തിൽ വാർത്ത വന്നാൽ ആരുമൊന്ന് വിശ്വസിച്ചു പോകും.

ഇന്നലെയാണ് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. വസ്തുതാപരമായ പല വാർത്തകളും പുറത്തുവന്നു. അതിനിടെ ചില വ്യാജന്മാരും ഇടം നേടി. കശ്മീരിലെ എല്ലാ മുസ്ലീം പള്ളികളും കേന്ദ്രസർക്കാർ കസ്റ്റഡിയിലെടുത്തു എന്നാണ് ഒരു വാർത്ത. നൽകിയിരിക്കുന്നത് പൊലീസിനൊപ്പം നിൽക്കുന്ന മുസ്ലീങ്ങളുടെ ചിത്രങ്ങളും.

ഇവാർത്തക്കൊപ്പം നൽകിയ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു നോക്കി. കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളായി വന്ന രണ്ട് വാർത്തകളിലെ ചിത്രങ്ങളായിരുന്നു അത്.

ജൂലൈ പതിനൊന്നിന് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ചില വീടുകളും മദ്രസകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ തോക്കുകൾ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അവരുടെ ചിത്രങ്ങളാണ് കശ്മീർ വിഷയവുമായി പ്രചരിച്ചവയിൽ ഒന്ന്. മറ്റൊരു ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളത് തന്നെയാണെങ്കിലും അത് ജൂലൈ 29 ന് പുറത്തുവന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ടതായിരുന്നു. ഉത്തർപ്രദേശിലെ ഷംലിയിൽ അനധികൃതമായി കുടിയേറി താമസിച്ച മ്യാൻമർ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നായിരുന്നു ആ വാർത്ത.


വാർത്തയിലുള്ള മ്യാൻമർ സ്വദേശികൾ എങ്ങനെ കശ്മീരികളായെന്ന് മനസിലായിട്ടുണ്ടാകും. ഇങ്ങനെയാണ് പല വ്യാജ വാർത്തകളും ഉണ്ടാകുന്നത്. ഫേസ്ബുക്ക്, വ്ട്‌സ്ആപ്പ് സന്ദേശങ്ങളാണെങ്കിലും വാർത്തയാണെങ്കിലും ഒരു നിമിഷം ആലോചിച്ച ശേഷം മാത്രം പങ്കുവെയ്ക്കുക. ഓർക്കുക, നമ്മൾ മാത്രമല്ല, നമ്മളിലൂടെ മറ്റെരാൾ കൂടിയാണ് കബളിപ്പിക്കപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top