ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കും. ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യ നില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ശ്രീരാമിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല. ശ്രീറാം ഐസിയുവിൽ തന്നെ തുടരും. നാളെ മെഡിക്കൽ ബോർഡ് യോഗം വീണ്ടും ചേരും.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ടാണ് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. വാഹനാപകടക്കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസിനോട് കോടതി ചോദിച്ചിരുന്നു.
Read Also : അപകടസമയത്ത് മദ്യപിച്ചതിന് തെളിവില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി ശ്രീറാമിന്റെ രക്തമെടുത്തത്. ഇതാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായക രാസപരിശോധനാഫലം ശ്രീറാമിന് അനുകൂലമാകാനിടയാക്കിയത്.