ഇഷാന്തിന് അഞ്ച് വിക്കറ്റ്; വിൻഡീസിന് ബാറ്റിംഗ് തകർച്ച

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 297 ന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ 189/8 എന്ന നിലയിൽ പതറുകയാണ്. അഞ്ച് വിക്കറ്റുകളെടുത്ത ഇഷാന്ത് ശർമ്മയാണ് ആതിഥേയരെ തകർത്തത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറിനേക്കാൾ 108 റൺസ് പിന്നിലാണ് വിൻഡീസ്.
ഭേദപ്പെട്ട നിലയിലാണ് വിൻഡീസ് തുടങ്ങിയതെങ്കിലും പിന്നീട് തകരുകയായിരുന്നു. 48 റൺസെടുത്തപ്പോളേക്കും വിൻഡീസ് ഓപ്പണർമാർ പവലിയനിൽ തിരിച്ചെത്തി. ഒരുഘട്ടത്തിൽ 174/5 എന്ന നിലയിലായിരുന്ന വിൻഡീസ് പിന്നീട് 5 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി വൻ തകർച്ചയിലേക്ക് വീഴുകയായിരുന്നു. 42 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയ്ക്ക് പുറമേ, ബുംറ, ഷാമി, ജഡേജ എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
48 റൺസെടുത്ത റോസ്റ്റൻ ചേസ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. 35 റൺസെടുത്ത ഷിംറോൺ ഹെട്മെയറും വിൻഡീസ് ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തി. നിലവിൽ 10 റൺസെടുത്ത ക്യാപ്റ്റൻ ജേസൻ ഹോൾഡറും റണ്ണൊന്നുമെടുക്കാതെ മിഗ്വേൽ കമ്മിൻസുമാണ് ക്രീസിലുള്ളത്.
നേരത്തെ 203/6 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 297 റൺസിൽ പുറത്താവുകയായിരുന്നു. 58 റൺസെടുത്ത രവീന്ദ്ര ജഡേജയായിരുന്നു രണ്ടാം ദിനം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയത്. വിൻഡീസിന് വേണ്ടി കെമർ റോച്ച് 4 വിക്കറ്റുകളും ഷാനോൺ ഗബ്രിയേൽ 3 വിക്കറ്റുകളും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here