ഇന്നത്തെ പ്രധാനവാർത്തകൾ (27/08/2019)

‘മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്‌ക്കരിക്കും’: തരൂരിന് മുരളീധരന്റെ മറുപടി
മോദി സ്തുതിയുമായി ബന്ധപ്പെട്ട് വിമർശിച്ചതിന് പരിഹസിച്ച ശശി തരൂർ എംപിയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംപി. കെ കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സർട്ടിഫിക്കറ്റ് എഴുതാൻ ശശി തരൂർ ആയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു.
‘മോദി സ്തുതി’; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടി
മോദി സ്തുതിയിൽ ശശി തരൂരിനോട് വിശദീകരണം തേടി കെപിസിസി. മോദിയെ പ്രകീർത്തിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും നടപടി പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയിരിക്കുന്നത്.
മോദി സ്തുതിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. താൻ മോദിയുടെ കടുത്ത വിമർശകനാണെന്നും തന്റെ ട്വീറ്റ് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചെന്നും ശശി തരൂർ വ്യക്തമാക്കി.
കെവിൻ വധക്കേസ്; പത്ത് പ്രതികൾക്കും ജീവപര്യന്തം
കെവിൻ വധക്കേസിൽ പത്ത് പ്രതികൾക്ക് ജീവപര്യന്തം. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷിച്ച കോടതി വിവിധ വകുപ്പുകളിൽ ശിക്ഷ ഒരുമിച്ച് അനുഭവിക്കണമെന്ന് പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്നും 1.76 ലക്ഷം കോടി രൂപ വാങ്ങുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർബിഐയിൽ നിന്ന് പണമെടുത്തത് മെഡിക്കൽ ഷോപ്പിൽ നിന്ന് ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവിൽ ഒട്ടിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു.
ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണം; പിതാവ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കെ സി ഉണ്ണി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here