മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ഫിനാൻസിന്റെ പത്ത് ബ്രാഞ്ചുകളിലെ മാനേജർമാർ നൽകിയ ഹർജിയിലാണ് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ സിഐടിയു പ്രവർത്തകർ തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പത്ത് ബ്രാഞ്ചുകളിലെ മാനേജർമാർ ഹർജി നൽകിയത്.
സിഐടിയു പ്രവർത്തകർ നിരന്തരമായി ജീവനക്കാരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിച്ച കോടതി സ്വമേധയാ ജോലി ചെയ്യാൻ എത്തുന്ന ജീവനക്കാരെ തടയാൻ സമരക്കാർക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി. ജോലി ചെയ്യാൻ തയ്യാറാകുന്ന എല്ലാ ജീവനക്കാർക്കും സർക്കാരും പൊലീസും സംരക്ഷണം നൽകണം. ജോലിക്ക് വരുന്ന ഒരാളെയും തടയാൻ പാടില്ല. ഓഫീസുകൾ തുറക്കുന്നത് ബലം പ്രയോഗിച്ച് തടയരുത്. ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസിന്റെ ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരം തുടരുന്ന സാഹചര്യത്തിൽ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിൽ മുത്തൂറ്റിന് അറുനൂറോളം ബ്രാഞ്ചുകളാണുള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ പ്രവർത്തനം തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും സിഐടിയു സമരം തുടർന്നാൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടാതെ വഴിയില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. ആനുകൂല്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളിൽ സിഐടിയു സമരം നടത്തുന്നത്. അതേസമയം ഈ വിഷയത്തിൽ മുത്തൂറ്റ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here