Advertisement

താൻ മാത്രം പുറത്ത്; ടീം സെലക്ടറോട് പൊട്ടിത്തെറിച്ച് സഞ്ജയ് ബംഗാർ: വിവാദം

September 5, 2019
Google News 1 minute Read

ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തിൽ നിന്ന് താൻ മാത്രം പുറത്തായതിൽ പൊട്ടിത്തെറിച്ച് മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. സംഘത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നുറപ്പായപ്പോൾ ദേശീയ ടീം സെലക്ടറായ ദേവാങ് ഗാന്ധിയുടെ മുറിയിൽപ്പോയി ബംഗാർ കയർത്തു സംസാരിച്ചതായാണ് ആരോപണം. ഇന്ത്യൻ പരിശീലക സംഘത്തിൽ തുടരാൻ അവസരം നൽകുന്നില്ലെങ്കിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഏതെങ്കിലും പോസ്റ്റിൽ തന്നെ നിയമിക്കണമെന്ന് ബംഗാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ടീമംഗങ്ങൾ തനിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പുറത്താക്കാനാവില്ലെന്നും ബംഗാർ അവകാശപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also: ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തുടരും

ദേശീയ ടീം സെലക്ടറോട് സഞ്ജയ് ബംഗാർ അപമര്യാദയായി പെരുമാറിയത് ബിസിസിഐയുടെയും ശ്രദ്ധയിലെത്തിയിട്ടുണ്ട്. അതേസമയം, ദേവാങ് ഗാന്ധിയോ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യനോ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയോ പരാതി നൽകിയാൽ മാത്രമേ ബംഗാറിനെതിരെ അന്വേഷണമുണ്ടാകൂവെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ലോകകപ്പ് സെമിഫൈനലിൽ എംഎസ് ധോണി ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. ധോണിയെ ബാറ്റിംഗ് ഓർഡറിൽ താഴെ ഇറക്കിയത് ഇന്ത്യയുടെ തോൽവിക്ക് കാരണമായെന്ന് വിമർശനം ഉയർന്നിരുന്നു. അത് ടീം കൂട്ടായെടുത്ത തീരുമാനമാണെന്ന് ബംഗാർ വാദിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ പുറത്താവലിലേക്കാണ് അത് വഴി തെളിച്ചത്. ദുർബലമായ മധ്യനിരയും ബംഗാറിൻ്റെ പുറത്താവലിനു കാരണമായിരുന്നു. നാലാം നമ്പറിൽ വിജയകരമായ ഒരു കണ്ടെത്തൽ നടത്താൻ ബംഗാറിനു സാധിച്ചിരുന്നില്ല. അതും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.

Read Also: ‘ധോണിയെ ഏഴാം നമ്പറിലിറക്കിയത് ഞാനല്ല’; വിവാദങ്ങളിൽ പ്രതികരിച്ച് സഞ്ജയ് ബംഗാർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിൻഡീസ് പര്യടനത്തിനിടെയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി അഭിമുഖങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെത്തന്നെ പുനർനിയമിച്ചിരുന്നു. ഇതിനു പിന്നാലെ സഹ പരിശീലകരെ ദേശീയ ടീം സെലക്ടർമാരാണ് തിരഞ്ഞെടുത്തത്. ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ എന്നിവരുടെ പ്രകടനം തൃപ്തികരമെന്ന് വിലയിരുത്തി പുനർനിയമനം നൽകിയ കമ്മിറ്റി, ബംഗാറിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ബംഗാറിനു പകരം വിക്രം റാത്തോറിനെ ബാറ്റിങ് പരിശീലകനായി നിയമിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here