മുത്തൂറ്റിൽ തൊഴിലാളി പ്രശ്‌നമല്ല, ക്രമസമാധാന പ്രശ്‌നങ്ങളാണെന്ന് എം.ഡി ജോർജ് അലക്‌സാണ്ടർ

മുത്തൂറ്റിലേത് തൊഴിലാളി പ്രശ്‌നമല്ലെന്നും ക്രമസമാധാന പ്രശ്‌നങ്ങളാണെന്നും മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്‌സാണ്ടർ. തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും മുത്തൂറ്റ് അനുവദിക്കുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളിൽ തൊഴിൽമന്ത്രിയല്ല ചർച്ച വിളിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ചർച്ച വിളിക്കേണ്ടത് ആഭ്യന്തര മന്ത്രിയാണ്. സമരം തുടർന്നാൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും 42 ബ്രാഞ്ചുകൾ പൂട്ടാൻ ആർബിഐ അനുമതി തേടിയെന്നും ജോർജ് അലക്‌സാണ്ടർ വ്യക്തമാക്കി.

Read Also; മുത്തൂറ്റിലെ തൊഴിലാളി സമരം മുറുകുന്നു; ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ വിളിച്ച ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല

മുത്തൂറ്റ് ഫിനാൻസിലെ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ചയ്‌ക്കെത്തിയ ജോർജ് അലക്‌സാണ്ടർ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഇറങ്ങിപ്പോരുകയായിരുന്നു. ചില ബാഹ്യശക്തികളുടെ പ്രേരണയിൽ നടക്കുന്ന ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ചർച്ചയിൽ പങ്കെടുക്കാൻ കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.

മുത്തൂറ്റിലെ തൊഴിൽപ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിച്ഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വിഭാഗങ്ങളും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also; മുത്തൂറ്റിന്റെ കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു; രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും

മുത്തൂറ്റ് ഫിനാൻസിന്റെ ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരം തുടരുന്ന സാഹചര്യത്തിൽ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിൽ മുത്തൂറ്റിന് അറുനൂറോളം ബ്രാഞ്ചുകളാണുള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ പ്രവർത്തനം തുടരാൻ കഴിയാത്ത അവസ്ഥയായതിനാൽ സമരം തുടർന്നാൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടാതെ വഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളിൽ സിഐടിയു സമരം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top