Advertisement

മോട്ടോർ വാഹന നിയമ ഭേദഗതി; പിഴ കുറയ്ക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ

September 9, 2019
Google News 1 minute Read

കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലെ വൻപിഴ കുറയ്ക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. പിഴ കുറയ്ക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമ വകുപ്പിന് കത്തയച്ചു. ഭേദഗതിക്കെതിരെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം പരിശോധന ലഘൂകരിക്കുമെന്നും, കേന്ദ്ര നിയമത്തിൽ ജനങ്ങൾക്കുള്ള വികാരം സംസ്ഥാന സർക്കാരിനെതിരെ തിരിച്ച് വിടാൻ നീക്കമുണ്ടെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ട്രാഫിക് നിയമലംഘനം; ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47,500 രൂപ പിഴ

ഉയർന്ന പിഴക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. ഓണക്കാലം കഴിയും വരെ കർശന വാഹനപരിശോധനകളും പിഴ ഈടാക്കലും വേണ്ടെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് വൻപിഴ കുറയ്ക്കാനുള്ള ഓർഡിനൻസ് ഉൾപ്പെടെയുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നത്. പിഴ കുറയ്ക്കാനുള്ള നിയമവഴികൾ പരിശോധിക്കാൻ നിയമവകുപ്പിനോട് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടു. രാജസ്ഥാനും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നുണ്ട്. സമാനമായ വഴി തെരഞ്ഞെടുക്കുന്നതിന്റെ സാധുതയും നിയമവകുപ്പ് പരിശോധിക്കും.

ഉപ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നടപ്പിലാക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വാഹനപരിശോധനയും പിഴ ഈടാക്കലും കർശനമാക്കിയതോടെ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പിഴ കൂട്ടുകയല്ല, നിയമം കർശനമാക്കുകയാണ് വേണ്ടതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളവും നടപടികൾ പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here