നാസിലിനോട് വിരോധമില്ല; തനിക്കെതിരെ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും തുഷാർ

നാസിൽ അബ്ദുള്ളയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും തനിക്കെതിരെ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ചെക്ക് നൽകിയതുമായി ബന്ധപ്പെട്ട് തുഷാറിനെതിരെയുള്ള കേസ് യുഎഇയിലെ അജ്മാൻ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തുഷാർ. തനിക്കെതിരെ പരാതി നൽകിയ നാസിലിനോട് തനിക്ക് വിരോധമില്ല. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നാസിലിനെ കാണുമെന്നും തുഷാർ പറഞ്ഞു. തന്റെ ഓഫീസിൽ നിന്നും ചെക്ക് എടുത്ത് നൽകിയത് ആരാണെന്ന് കണ്ടെത്തും.

Read Also; തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ കുടുക്കിയതാണെന്ന് സൂചന; ചെക്ക് പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത്

ജയിലിൽ കിടക്കേണ്ടി വന്നത് വിധിയായി കാണുന്നു. വലിയൊരു ഗൂഢാലോചനയിൽ നിന്ന് താൻ ദൈവാധീനം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജ്മാൻ കോടതി തുഷാറിനെതിരായ ചെക്ക് കേസ് തള്ളിയത്. പരാതിക്കാരൻ നൽകിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിനെതിരെ മതിയായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്രിമിനൽ കേസ് തള്ളിയ കോടതി പരാതിക്കാരന് സിവിൽ കേസ് നൽകാമെന്നും അറിയിച്ചു.

Read Also; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം; കെട്ടിവച്ചത് 1.95 കോടി

ചെക്ക് കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 21 നാണ് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വൻ തുക കെട്ടിവച്ചാണ് തുഷാർ പുറത്തിറങ്ങിയത്. പത്ത് വർഷം മുമ്പുള്ള ഒരു ചെക്ക് സംബന്ധിച്ചായിരുന്നു തുഷാറിനെതിരായ കേസ്. തുഷാറിന്റെ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളയാണ് പരാതി നൽകിയത്. കമ്പനി നഷ്ടത്തിലായതോടെ തുഷാർ കമ്പനി കൈമാറിയിരുന്നു.  ഇതുമായി ബന്ധപ്പെട്ടാണ് നാസിൽ തുഷാറിനെതിരെ പരാതി നൽകിയത്. എന്നാൽ താൻ നാസിലിന് പണം നൽകാനില്ലെന്നും ചെക്ക് നൽകിയിട്ടില്ലെന്നും തുഷാർ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top