മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. പ്രതിസന്ധി കടുത്തതോടെയാണ് അവസാന വട്ട ശ്രമമെന്ന നിലയിൽ ഫ്‌ളാറ്റുടമകളുടെ നീക്കം. നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഫ്‌ളാറ്റുടമകൾ പറഞ്ഞു.
കൊച്ചി മരടിലെ ഫഌറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന നിലപാടിൽ ഉടമകൾ ഉറച്ച് നിൽക്കുകയാണ്. ബലപ്രയോഗത്തിലൂടെയല്ലാതെ ഒഴിപ്പിക്കൽ സാധ്യമാകില്ല. എതിർപ്പ് കടുത്തുവെങ്കിലും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടി ക്രമങ്ങൾ നഗരസഭ തുടരുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, എംഎൽഎമാർ എന്നിവർക്ക് സങ്കട ഹർജി നൽകാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. 14ാം തീയതി മുതൽ മരട് നഗര സഭയ്ക്ക് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന് ഇന്ന് തന്നെ മറുപടി തയ്യാറാക്കും. അവധി കഴിഞ്ഞാൽ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകാനും ഫ്‌ളാറ്റുടമകൾ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മരടിലെ ഫ്‌ളാറ്റിലെത്തി ജസ്റ്റിസ് കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്‌ളാറ്റ് ഉടമകളെ കേൾക്കാതെയുള്ള സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഫ്‌ളാറ്റ് ഉടമകളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
കേസിൽ സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടി. സോളിസിറ്റർ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റ് ഉടമകൾക്ക് നഗരസഭ ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. വിധി നടപ്പാക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറി നേരിൽ ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം.
ഈ മാസം ഇരുപത്തിമൂന്നിന് ചീഫ് സെക്രട്ടറിക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകും. കോടതിവിധിയെ തുടർന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും. കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാകാനാണ് സർക്കാർ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here