ഇന്നത്തെ പ്രധാന വാർത്തകൾ (17.09.2019)
കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗുണ്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
കിഫ്ബിയിൽ ഓഡിറ്റിംഗില്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ വസ്തുതാ വിരുദ്ധ പ്രചരണമാണെന്നും സിഎജി വകുപ്പ് 14 പ്രകാരം ഓഡിറ്റിംഗുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആക്ടിലെ 14ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലാരിവട്ടം അഴിമതി : മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന് ടിഒ സൂരജ്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ആരോപണം. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞ്. പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവ്. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.
നടിയുടെ സ്വകാര്യത സംരക്ഷിക്കണം; മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ
നടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ രേഖകൾ തന്നെയെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് ഇക്കാര്യം സർക്കാർ കോടതിയിൽ അറിയിച്ചത്.
മരട് വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം
നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം നിർമാണങ്ങൾക്ക് വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സർവകക്ഷി യോഗം ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ജോസ് ടോം പിജെ ജോസഫിനെ സന്ദർശിച്ചു; പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ്
പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദർശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച . പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാർഥി, തന്നെ വീട്ടിൽ വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here