റിലേയിൽ മെഡലുറപ്പിക്കാൻ വ്യക്തിഗത ഇനത്തിൽ നിന്ന് അനസിനെ ഒഴിവാക്കി; വിവാദമായി അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്

ദേശീയ റെക്കോർഡ് ജേതാവായ മലയാളി താരം വൈ മുഹമ്മദ് അനസിനെ ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത ഇനത്തിൽ നിന്ന് ഒഴിവാക്കി. ഈ മാസം 27നു തുടങ്ങുന്ന മീറ്റിലെ 400 മീറ്റർ വ്യക്തിഗത ഇനത്തിൽ നിന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ അനസിനെ ഒഴിവാക്കിയത്. റിലേയിൽ മെഡലുറപ്പിക്കാൻ വേണ്ടി അനസിനെ വ്യക്തിഗത ഇനത്തിൽ നിന്നൊഴിവാക്കുന്നു എന്നാണ് ഫെഡറേഷൻ അറിയിച്ചത്.

4*400 മീറ്റർ റിലേ, 4*400 മീറ്റർ മിക്സഡ് റിലേ എന്നീ ടീമിനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായാണ് അനസിനെ വ്യക്തിഗത വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ വക്താവ് പറഞ്ഞു. എന്നാൽ, വിവരം താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം ഉറപ്പാക്കിയതിനു ശേഷം പ്രതികരണം അറിയിക്കാം എന്നുമാണ് അനസ് പറയുന്നത്.

മത്സര ഇനങ്ങളുടെയും താരങ്ങളുടെയും പട്ടിക രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ പുറത്തുവിട്ടപ്പോഴാണ് അതിൽ അനസിൻ്റെ പേരില്ലെന്ന വിവരം പുറത്തുവന്നത്. ഇനി പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സാധിക്കില്ലെന്നിരിക്കെ റിലേയിൽ മെഡൽ ഉറപ്പാക്കാൻ അനസിനെ 400 മീറ്ററിൽ നിന്നൊഴിവാക്കിയെന്ന ഫെഡറേഷൻ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്.

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന രാജ്യാന്തര മീറ്റിലാണ് അനസ് ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. 400 മീറ്റർ 45.21 സെക്കൻഡിൽ ഓടി പൂർത്തിയാക്കിയ അനസ് യോഗ്യതാ സമയമായ 45.30 മറികടന്നതിനൊപ്പം സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡും (45.24) മറികടന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More