പിറവം പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം നൽകണം; ഓർത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

പിറവം പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് കാട്ടി ഓർത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഓർത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് മൂന്ന് മണിക്ക് പള്ളിയിൽ പ്രവേശിക്കാനാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം.

പിറവം സെന്റ് മേരീസ് വലിയ പള്ളിയുയുടെ ഭരണ നിയന്ത്രണം സുപ്രിം കോടതി വിധിപ്രകാരം ഓർത്തഡോക്‌സ് സഭയക്ക് അവകാശപ്പെട്ടതാണ്. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഓർത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.

Read Also : ‘പിറവം വലിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് ഓർത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നൽകണം’: ഹൈക്കോടതി

ഡിജിപി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്. ഇന്ന് 3 മണിക്ക് പിറവം പള്ളിയിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കാനാണ് ശ്രമം. ഇക്കാര്യമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പള്ളി നിലവിൽ യാക്കോബായ വിഭാഗത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. എന്നാൽ സുപ്രിം കോടതി വിധിയനുസരിച്ച് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കത്തോലികയ്ക്കാണ് പള്ളിയുടെ വികാരിയെ നിയമിക്കാനുള്ള അവകാശം.

നേരത്തെ പള്ളിയുടെ നിയന്ത്രണം മറുവിഭാഗത്തിന് കൈമാറാനുള്ള പൊലീസിന്റെ ശ്രമം യാക്കോബായ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. യാക്കോബായ വിശ്വാസികൾ നിലവിൽ പള്ളിക്കുള്ളിൽ ഒത്തുചേർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top