Advertisement

സംഗീതത്തിന്റെ ‘രാജശില്പി’

September 27, 2019
Google News 5 minutes Read

മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീത സപര്യയായിരുന്നു ദേവരാജൻ മാസ്റ്ററുടേത്. എത്ര കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങൾക്കാണ് ദേവരാജൻ മാസ്റ്റർ ജീവൻ നൽകിയത്. അവയെല്ലാം മലയാളത്തിലെ നിത്യഹരിത ഗാനങ്ങളായി അടയാളപ്പെടുത്തി. ഇന്ന് ദേവരാജൻ മാസ്റ്ററുടെ ജന്മവാർഷികമാണ്. ഒരു ജനതയുടെ മനസിൽ ദേവരാജൻ മാസ്റ്റർ തീർത്ത സംഗീതത്തിന്റെ വിസ്മയ ലോകം ഇന്നും അങ്ങനെ തന്നെയുണ്ട്. കായാമ്പൂവായും രാജശില്പിയായും ഇന്ദ്രവല്ലരിയായുമെല്ലാം ദേവരാജൻ മാസ്റ്റർ ആസ്വാദകരുടെ മനസിൽ ജീവിക്കുക തന്നെയാണ്.

മലയാള ചലച്ചിത്ര സംഗീതത്തിൽ ദേവരാഗങ്ങളാണ് ദേവരാജൻ മാസ്റ്റർ ചൊരിഞ്ഞിട്ടത്. പ്രണയം, വിരഹം, ദു:ഖം, ഹാസ്യം, വേദാന്തം എന്നിങ്ങനെ മനുഷ്യർ നിത്യേന പ്രതിനിധാനം ചെയ്യുന്ന സമസ്ത മണ്ഡലങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള ഗാനങ്ങൾ അദ്ദേഹം ഒരുക്കി. വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ നിന്നും പിറന്നത് മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഗാനങ്ങളാണ്. വയലാറുമായി ചേർന്ന് ദേവരാജൻ മാസ്റ്റർ ആദ്യം സംഗീത സംവിധാനം നിർവഹിച്ചത് ചതുരംഗം എന്ന ചിത്രത്തിലെ ഗാനങ്ങൾക്കായിരുന്നു. ദേവരാജൻ മാസ്റ്ററും, വയലാറും, യേശുദാസും ചേർന്നാൽ മലയാള ചലച്ചിത്ര സംഗീതം ഏതാണ്ട് പൂർണമായെന്ന് പറയാം. വയലാറിന്റെ വരികൾക്ക് ഈണം പകരുമ്പോഴാണ് ദേവരാജ സംഗീതം അതിന്റെ പൂർണതയിൽ എത്തുക. സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ, സംഗമം സംഗമം ത്രിവേണി സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം… തുടങ്ങിയ ഗാനങ്ങൾ അതിന് ഉദാഹരണങ്ങളാണ്.

വയലാറിന്റെ ശക്തമായ രചനയാണ് ‘മനുഷ്യർ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനം. ഇതിന് ഈണം പകർന്നത് ദേവരാജൻ മാസ്റ്ററായിരുന്നു. നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ച് ചേർത്ത രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജൻ മാസ്റ്ററായിരുന്നു. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.

മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്കാണ് ദേവരാജൻ മാസ്റ്റർ ഈണം നൽകിയത്. ഇരുപതോളം തമിഴ് ചലച്ചിത്രങ്ങൾക്കും നാല് കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം പകർന്ന് നൽകി. കേരള സർക്കാരിന്റെ ഏറ്റവും മികച്ച ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്‌കാരം ദേവരാജൻ മാസ്റ്റർ സ്വന്തമാക്കിയത് അഞ്ച് തവണയാണ്. സംഗീത ലോകത്തിന് എക്കാലത്തും ഓർത്തിരിക്കാൻ ഒരുപിടി ഗാനങ്ങൾ നൽകി 2006 മാർച്ച് 14 ന് തന്റെ 78-ാം വയസിൽ ദേവരാജൻ മാസ്റ്റർ വിടവാങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here