ഉപതെരഞ്ഞെടുപ്പ്; അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ നാമനിർദേശ പത്രിക സമർപ്പിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ നാമ നിർദേശ പത്രിക സമർപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഉപവരണാധികാരിക്ക് മുന്നിൽ രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് മനു സമർപ്പിച്ചത്.
വയലാർ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോടൊപ്പം എത്തിയായിരുന്നു പത്രികാ സമർപ്പണം. പാലായിലെ വിജയം ആത്മവിശ്വാസം നൽകുന്നതാണെന്നും, ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രാധാന്യം നൽകികൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണമെന്നും മനു സി പുളിക്കൽ പറഞ്ഞു.
അതേ സമയം, അരൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എൽഡിഎഫ് മുന്നോട്ട് പോകുമ്പോൾ മറ്റു രണ്ട് മുന്നണികൾക്കും ഇതുവരെ സ്ഥാനാർത്ഥികളെ കണ്ടെത്താനായിട്ടില്ല. അരൂരിൽ എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസ് മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകാതെ കുഴങ്ങുകയാണ് എൻഡിഎ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here