‘ട്രെയിലർ കണ്ട് നെഞ്ചത്തടിച്ച് പോവുകയാണ്’; ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പോകാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

ചിരഞ്ജീവിയുടെ പുതിയ ചിത്രമായ സൈറ നരസിംഹ റെഡ്ഡിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പോകാൻ സാധിക്കാത്തതിന്റെ നിരാശ വ്യക്തമാക്കി പൃഥ്വിരാജ്. ട്രെയിലർ കണ്ട് നെഞ്ചത്തടിച്ച് പോവുകയാണ് എന്ന് പൃഥ്വി ഏറെ നിരാശയോടെ പറഞ്ഞു. ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ച് നടന്ന ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ട്രെയിലർ ലോഞ്ചിന് ശേഷം അവതാരക പൃഥ്വിയുടെ പ്രതികരണം ചോദിച്ചപ്പോഴാണ് ഏവരെയും ചിരിപ്പിച്ചുകൊണ്ട് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ‘ഈ സിനിമയുടെ ടീസർ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. കാരണം ചിരഞ്ജീവി സാർ ഈ സിനിമയിൽ ഒരു വേഷം അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നതാണ്. എന്നാൽ മറ്റ് സിനിമകളുടെ തിരക്കുകളിലായതിനാൽ അതിന് സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്പോൾ ഞാൻ എന്റെ നെഞ്ചത്തടിച്ച് പോവുകയാണ്. കാരണം ഇത്തരമൊരു ചിത്രത്തിലെ ഒരു ഷോട്ടിലെങ്കിലും അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ്’- പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിന്റെ മലയാളം ടീസറും ട്രെയിലറും ഇന്നലെയാണ് പുറത്തിറക്കിയത്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ചിരഞ്ജീവി പങ്കെടുത്ത വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് സൈറ നരസിംഹ റെഡ്ഡിയുടെ ടീസറും ട്രെയിലറും പുറത്തുവിട്ടത്. നടൻ പൃഥ്വിരാജ് ട്രെയിലറും സംവിധായകൻ അരുൺ ഗോപി ടീസറും പുറത്തുവിട്ടു.

രാം ചരൺ നിർമിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിക്ക് പുറമെ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന ഭാട്ടിയ, സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top