മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും പൊളിക്കുന്നതിനായി കമ്പനികളെ തെരഞ്ഞെടുക്കുക. മറ്റന്നാൾ ഇതിനായുള്ള കമ്പനികളെ നിശ്ചയിക്കും. വെള്ളിയാഴ്ചയോടെ കരാർ നൽകാനാണ് തീരുമാനം.
ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കരാർ രണ്ടു കമ്പനികൾക്കായി നൽകാനാണ് പ്രാഥമിക ധാരണ. താത്പര്യപത്രം നൽകിയ കമ്പനികളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയും കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയുമാണ് പ്രഥമ പരിഗണനയിലുള്ളത്. വിദഗ്ദ സമിതിയുടെ പഠന റിപ്പോർട്ടും സെലക്ഷൻ കമ്മിറ്റിയുടെ നിർദേശവും പരിഗണിച്ചായിരിക്കും പൊളിക്കുക്കുന്നതിനുള്ള കമ്പനികളെ തീരുമാനിക്കുക. അടുത്ത വെള്ളിയാഴ്ച തന്നെ കരാർ നൽകും. ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാർ പൂർണമായും ഒഴിഞ്ഞിട്ടുണ്ട്.
നിലവിൽ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് ഫ്‌ളാറ്റുകൾ. സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ തകർക്കുന്നതിനായി ആറുമണിക്കൂർ നേരത്തേക്ക് പരിസരത്ത് ഉള്ളവരെ ഒഴിപ്പിക്കും. പ്രദേശവാസികൾക്ക് വൈകാതെ മുന്നറിയിപ്പ് നോട്ടീസ് നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here