കൂടത്തായി കൂട്ടക്കൊലപാതക കേസ്; മൂന്ന് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ മൂന്ന് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഇന്ന് 3.30 ഓടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പ്രതികളോട് എന്തെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജോളി തനിക്ക് ഒരു തരത്തിലുമുള്ള പ്രയാസങ്ങളില്ലെന്ന് കോടതിയെ അറിയിച്ചു. തനിക്ക് ചില മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്യു കോടതിയെ അറിയിച്ചു.
മൂന്ന് പ്രതികള്‍ക്കും അഭിഭാഷകരുമായി സംസാരിക്കാന്‍ കോടതി 10 മിനിറ്റ് സമയം നല്‍കി. തുടര്‍ന്ന് പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനിടെ സിലിയുടെ കൊലപാതകത്തിലും ജോളിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഈ കേസിലും ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും.ജോളിയുടെ സുഹൃത്ത് റാണിയുടെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here