എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണക്കെടുപ്പിന് സെല്‍ഫി എടുക്കണമെന്ന് നിര്‍ദേശം; പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള കണക്കെടുപ്പിനായി സെല്‍ഫി എടുക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ദുരിതബാധിതരുടെ പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍ഗോഡ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ആനുകൂല്യങ്ങള്‍ക്കായി കണക്കെടുപ്പിനു പോകുന്ന അങ്കണവാടി ജീവനക്കാര്‍ അര്‍ഹരായവര്‍ക്കൊപ്പം സെല്‍ഫി എടുക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ദുരിതബാധിതരുടെ സമരം. തീരുമാനം ദുരിതബാധിതരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി.
സെല്‍ഫിയെടുക്കാതെ തന്നെ ജിവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചതെന്ന് സമരസമിതി വ്യക്തമാക്കി. അമ്മമാരും ദുരിത ബാധിതരും സെല്‍ഫി എടുത്തായിരുന്നു പ്രതിഷേധ കൂട്ടായ്മയില്‍ അണി നിരന്നത്. ജില്ലാകളക്ടര്‍ക്കെതിരെ നേരത്തെ തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ദുരിതബാധിതരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here