കരമനയിലെ ദുരൂഹമരണങ്ങള്‍; രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കരമനയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കാര്യസ്ഥനും ഒന്നാം പ്രതിയുമായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രവീന്ദ്രന്‍ നായരുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അമ്പത് ലക്ഷത്തോളം രൂപയാണ് ഇരുവരുടെയും അക്കൗണ്ടുകളിലായുള്ളത്.

വഞ്ചിയൂര്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിലായിരുന്നു രവീന്ദ്രന്‍നായര്‍ക്കും ഭാര്യയ്ക്കും അക്കൗണ്ടുകളുണ്ടായിരുന്നത്. 45 ലക്ഷം രൂപ രവീന്ദ്രന്‍നായരുടെ പേരിലും അഞ്ചു ലക്ഷം രൂപ ഭാര്യയുടെ പേരിലുമാണുള്ളത്.
കൂടത്തില്‍ കുടുംബത്തിലെ വസ്തുവകകള്‍ വിറ്റ പണമാണ് അക്കൗണ്ടിലുള്ളതെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കുറച്ചുഭാഗം ജയമാധവന്‍ നായര്‍ നല്‍കിയതാണെന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫൊറന്‍സിക് ലാബിന് കത്ത് നല്‍കി. ഇന്ന് പരിശോധനാഫലം ലഭിക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top