വാളയാർ പീഡനക്കേസ്: പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം

വാളയാർ പീഡനക്കേസിൽ പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതിരക്ഷാ മാർച്ച് ഇന്ന് തുടങ്ങും. വിഷയം നിയമസഭയിൽ വീണ്ടും പ്രതിപക്ഷം ഉന്നയിച്ചേക്കും.
നീതിരക്ഷാ മാർച്ച് വാളയാർ അട്ടപ്പള്ളത്ത് നിന്ന് മൂന്ന് മണിക്ക് തുടങ്ങും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജാഥ നയിക്കും. വാളയാർ, പുതുശേരി പ്രദേശങ്ങളിൽ പര്യടനം നടത്തി വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിൽ വച്ച് ജാഥ സമാപിക്കും. ആദ്യ ദിനം സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി സംസാരിക്കും.
Read Also: വാളയാർ പീഡനക്കേസ്; വീണ്ടും നിയമസഭയിൽ ഭരണ- പ്രതിപക്ഷ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന റിലേ സമരം തുടരും. അട്ടപ്പള്ളം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.
അന്വേഷണം പ്രഖ്യാപിക്കുന്ന വരെ സമരമെന്നാണ് കോൺഗ്രസ് നിലപാട്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം നടത്തിയിരുന്നു. ഇന്നലെ യുഡിഎഫ് ഹർത്താൽ ആചരിച്ചു.
അതേ സമയം പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണത്തിൽ കുട്ടികളുടെ അമ്മ ഉറച്ച് നിൽക്കുകയാണ്. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അവർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here