ഇന്നത്തെ പ്രധാനവാർത്തകൾ (17/11/2019)
ജെഎൻയു സമരം; പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
പൊതുമുതൽ നശിപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജെഎൻയു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാൻസലറുടെ ഓഫീസും അലങ്കോലമാക്കി എന്നാണ് പരാതി.
തമിഴ്നാട് പൊലീസിൽ വിശ്വാസമില്ലെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്
തമിഴ്നാട് പൊലീസിൽ വിശ്വാസമില്ലെന്ന് മദ്രാസ് ഐഐടിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഒരാഴ്ച സാവകാശം ചോദിച്ചിട്ടുണ്ട്. കേരളത്തിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നും അബ്ദുൽ ലത്തീഫ് ട്വൻറി ഫോറിനോട് പറഞ്ഞു.
ചരിത്രവിധികൾക്കൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചരിത്രവിധികൾക്കുമൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്റിന് ശേഷവും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും.
മലപ്പുറം പൊന്നാനിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം; ഒരാൾക്ക് ഗുരുതര പരുക്ക്
പൊന്നാനി കുണ്ടുകടവ് പുറങ്ങ് റോഡിൽ പുളിക്കടവ് ജംഗ്ഷനിൽ ഇന്നലെ അർധരാത്രിയിലുണ്ടായ അപകടത്തിൽ മൂന്ന് മരണം. തിരൂർ ബിപി അങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here