അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി, ട്വന്റിഫോർ വാർത്താ സംഘവും

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി. ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കലോത്സവം കാഞ്ഞങ്ങാട് അരങ്ങേറുക. പെൻസിലിന്റെ ആകൃതിയിൽ ഒരുക്കിയിട്ടുള്ള കൊടിമരമാണ് കലോത്സവ വേദിയിലെ പ്രധാന ആകർഷണം. രാവിലെ എട്ട് മണിക്ക് ഈ കൊടിമരത്തിൽ പതാക ഉയരും. കലോത്സവ വേദിയിൽ നിന്ന് പ്രേക്ഷകരിലേക്ക് തത്സമയം വാർത്തകൾ എത്തിക്കാൻ ട്വന്റിഫോറും പൂർണ സജ്ജരായി.

നാളെ രാവിലെ ഒൻപത് മണിക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ളതാണ് പ്രധാനവേദി. മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ മത്സരങ്ങൾ ഈ വേദിയിലാണ് അരങ്ങേറുക. ഇരുപത്തിയെട്ട് വേദികളാണ് ആകെയുള്ളത്. നാളെ മാത്രം ആയിരത്തോളം കുട്ടികൾ വിവിധ പരിപാടികളുമായി വേദിയിലെത്തും.

കലോത്സവ വേദിയിൽ നിന്നുള്ള തത്സമയ വിവരങ്ങളുമായി ട്വന്റിഫോർ വാർത്താസംഘം പ്രേക്ഷകർക്ക് മുന്നിലെത്തും. ഇതിനായി ട്വന്റിഫോറിന്റെ പവലിയൻ ഒരുങ്ങി. ടെലി ട്രാൻസ്‌പോർട്ടിംഗ് സാങ്കേതിക വിദ്യയാണ് പ്രേക്ഷകർക്ക് വേണ്ടി ട്വന്റിഫോർ പ്രത്യേകമായും വാഗ്ദാനം ചെയ്യുന്നത്. പ്രേക്ഷകർക്ക് ട്വന്റിഫോറിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും ഇത്. കലോത്സവ വേദിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ റിപ്പോർട്ടർമാർ പ്രേക്ഷകർക്ക് നൽകുന്നതായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top