ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍  ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി സമന്‍സ് നല്‍കി വിളിപ്പിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷമാണ് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി ജില്ലാ കോടതിയിലേക്ക് മാറ്റിയത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. കുറ്റവും വകുപ്പുകളും ഉള്‍പ്പെടെ വായിച്ചു കേള്‍പ്പിക്കാന്‍  ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. ഇതിനായി കോടതി കുറവിലങ്ങാട് പൊലീസ് മുഖേന സമന്‍സ് കൈമാറിയിരുന്നു.

2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഏപ്രില്‍ ഒമ്പന് കുറ്റപത്രം സമര്‍പ്പിച്ചു.

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top