സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മനസും വയറും നിറച്ച ഊട്ടുപുര

കേരള സംസ്ഥാന കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, വയറും മനസും നിറച്ച് കലോത്സവത്തിൽ മുഖ്യ പങ്ക് വഹിക്കുകയാണ് ഊട്ടുപുര. കലോത്സവ വേദിയിൽ എത്തി ഭക്ഷണം കഴിച്ച് ഇറങ്ങുന്നവർക്ക് ഒരേ സ്വരത്തിൽ ഒന്നേ പറയാനുള്ളു… ‘സംഗതി ജോർ ആയിട്ടുണ്ട്’. കൗമാര കലാമേള മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ അരലക്ഷം പേരാണ് ഇതുവരെ മനസ് നിറച്ച് ഭക്ഷണം കഴിച്ച് മടങ്ങിയത്.
പഴയിടം മോഹൻ നമ്പൂതിരിയുടെ രൂചികൂട്ടിൽ ഒരുങ്ങിയ വിഭവങ്ങൾ കുറച്ചൊന്നുമല്ല കലോത്സവത്തെ സ്വാധീനിച്ചത്. ഇഡ്ഡലിയും ചമ്മന്തിയും പുട്ടും കടലുയുമൊക്കെയായി രാവിലെ തുടങ്ങി 11മണിവരെ നീളുന്ന പ്രഭാതക ഭക്ഷണം. ഉച്ചയ്ക്ക് പായസമുൾപ്പെടെ കാസർഗോഡൻ രുചികൂട്ടുകൾ ഉൾപ്പെടുത്തിയുള്ള സദ്യ. രാത്രി പായയം ഒഴിവാക്കി കൊണ്ടുള്ള സദ്യ. 18 കൗണ്ടറുകളിലായി 600 ഓളം അധ്യാപകർ ഭക്ഷണം വിളമ്പുന്നു. എല്ലാവരും യൂണിഫോമുകൾ ധരിച്ച് ചിട്ടയായി ഭക്ഷണം ആളുകളിൽ എത്തിക്കുന്നു. പാചകപ്പുരയിലെ മലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളും മാതൃകാപരമാണ്. ഓരോ വേദിയിലേക്കും ഒഫിഷ്യലുകൾക്ക് ഭക്ഷണം പാഴ്‌സൽ ആയി എത്തിക്കുന്നുണ്ട്.
12 ടൺ അരി, 12,500 തേങ്ങ, 750 കിലോ ഉള്ളി, 250 കിലോ ചേന, 400 കിലോ നേന്ത്രപ്പഴം എന്നിങ്ങനെയാണ് സാധനങ്ങൾ കരുതിയിരുന്നത്. 212 ഗ്യാസ് സിലിണ്ടറുകളിലായാണ് പാചകം. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നിരവധിപേരാണ് ഭക്ഷണം കൃത്യ സമയത്തേക്ക് എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഇനി അവസാന ദിവസവും ആരെയും വെറും കൈയ്യോടെ മടക്കി അയക്കാനും ഭക്ഷണ കമ്മിറ്റിക്കാർ തയാറല്ല. 2000 വെജിറ്റബിൾ ബിരിയാണി പാഴ്‌സലുകളാണ് കുട്ടികൾക്കായി തയാറാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here