ഐഎഫ്എഫ്‌കെ 2019; ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്തുതുടങ്ങി

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്തുതുടങ്ങി. മന്ത്രി എ.കെ ബാലനിൽ നിന്നും നടി അഹാന കൃഷ്ണകുമാർ ആദ്യ പാസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ചയാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമാകുക.
മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ ഫെസ്റ്റിവൽ ഓഫിസിന്റേയും ഡെലിഗേറ്റ് പാസ് വിതരണത്തിന്റേയും ഉദ്ഘാടനമാണ് മന്ത്രി എകെ ബാലൻ നിർവഹിച്ചത്. നടൻ ഇന്ദ്രൻസ് ഉൾപ്പെടെയുള്ളവർ അതിഥികളായിരുന്നു. ഉള്ളടക്കം കൊണ്ട് ഗോവയെക്കാൾ സമ്പന്നമായിരിക്കും കേരള രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.
10500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടാഗോർ തിയേറ്ററിനു സമീപം സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും പാസുകൾ കൈപ്പറ്റാം. പതിനാല് തിയേറ്ററുകളിലായി 73 രാജ്യങ്ങൽ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്രമേളക്ക് തിരിതെളിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here