Advertisement

ഐഎഫ്എഫ്‌കെ: ഇന്ന് കാണേണ്ട അഞ്ചു സിനിമകൾ

December 6, 2019
Google News 1 minute Read

1. പാസ്ഡ് ബൈ സെൻസർ (തുർക്കി)

ഉദ്ഘാടന ചിത്രം. ഷെർഹത് കരാസ് ലാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെയാണ് ചർച്ച ചെയ്യുന്നത്. തടവുകാർക്ക് വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്ന സക്കീർ എന്ന ജെയിൽ ജീവനക്കാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജോലിയുടെ കടുത്ത സമ്മർദ്ദത്തിൽ നിന്നു രക്ഷ നേടാൻ ഇയാൾ ഒരു എഴുത്തു ക്ലാസിനു ചേരുന്നു. ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി കല്പിത കഥയെഴുതാനുള്ള ഒരു അസൈന്മെന്റ് എഴുത്തു ക്ലാസിൽ നിന്ന് ഇയാൾക്ക് ലഭിക്കുന്നു. തുടർന്ന് തടവുകാരിലൊരാളുടെ ഭാര്യ സല്മയുടെ ചിത്രമടങ്ങിയ കത്ത് ഇയാൾ മോഷ്ടിക്കുന്നു. അവളോട് കടുത്ത പ്രണയം തോന്നുന്ന സക്കീറിന്റെ മാനസികവ്യാപാരങ്ങളാണ് സിനിമയുടെ പ്രമേയം. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള കൂടിച്ചേരലും ചിത്രം ചർച്ച ചെയ്യുന്നു.

ആകെ 14 പുരസ്‌കാരങ്ങളാണ് വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ‘പാസ്ഡ് ബൈ സെൻസർ’ നേടിയത്. ഇസ്താംബൂൾ, സിംഗപ്പൂർ ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ എട്ടു മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.

പ്രദർശനം: നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന്.

2.മേഡ് ഇൻ ബംഗ്ലാദേശ് (ബംഗ്ലാദേശ്)

റുബയ്യത് ഹുസൈൻ എന്ന വനിതാ സംവിധായികയുടെ ചിത്രം. ധാക്കയിലെ വസ്ത്രനിർമ്മാണ ശാലയുമായി ബന്ധപ്പെട്ട വസ്തുതകളാണ് സിനിമ സംസാരിക്കുന്നത്. അവിടെ ജോലി ചെയ്യുന്ന ഷിമു എന്ന യുവതി കമ്പനിയിലെ കഷ്ടതകൾ മൂലം സഹപ്രവർത്തകർക്കൊപ്പം ചേർന്ന് ഒരു തൊഴിലാളി യൂണിയൻ തുടങ്ങാൻ ശ്രമിക്കുന്നു. മാനേജ്‌മെന്റിന്റെ ഭീഷണിയും ഭർത്താവിന്റെ വിയോജിപ്പും പ്രതിരോധിച്ച് ദൃഢചിത്തതയോടെ അവൾ തന്റെ പ്രവർത്തനം തുടരുന്നു.

Read Also: ഐഎഫ്എഫ്‌കെ 2019; ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്തുതുടങ്ങി

സ്ത്രീ പക്ഷ സിനിമയായ മേഡ് ഇൻ ബംഗ്ലാദേശ് പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീ എവിടെ നിൽക്കുന്നു എന്നതിനെപ്പറ്റി കൃത്യമായ ചിത്രം നൽകുന്നുണ്ട്. ടൊറന്റോ ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രദർശനം: ശ്രീ തീയറ്ററിൽ വൈകുന്നേരം 3.15ന്.

3. യൂ വിൽ ഡൈ അറ്റ് ട്വെന്റി (സുഡാൻ)

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഡാനീസ് സംവിധായകൻ അംജദ് അബു അലാല ആദ്യമായി അണിയിച്ചൊരുക്കിയ ഫീച്ചർ ഫിലിം. 20ആം വയസ്സിൽ മരണപ്പെടുമെന്ന് ജ്യോത്സ്യൻ പ്രവചിക്കുന്ന മുസമ്മിൽ എന്ന ബാലന്റെ കഥയാണ് സിനിമയുടെ പ്രമേയം. ശാപ വിവരം താങ്ങാൻ കഴിയാതെ മുസമ്മിലിന്റെ പിതാവ് നാടുവിടുന്നു. മുസമ്മിലിന്റെ ഉമ്മ സക്കീന ഒറ്റക്ക് വളരെ ശ്രദ്ധയോടെ അവനെ വളർത്തുന്നു. അവനെ സ്‌കൂളിൽ അയക്കാൻ മടിക്കുന്ന സക്കീന ഖുറാൻ പഠിക്കാൻ അയക്കുന്നു. അവൻ വസ്തുതകൾ പഠിച്ച് 20ആം വയസ്സിലേക്ക് കടക്കുന്നു.

ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം 6 പുരസ്‌കാരങ്ങൾ നേടി.

പ്രദർശനം: ശ്രീ തീയറ്ററിൽ ഉച്ചക്ക് 12 മണി.

4. ലുവാന: എ യാക്ക് ഇൻ ദ് ക്ലാസ് റൂം (ഭൂട്ടാൻ)

പ്രശസ്ത ഭൂട്ടാനീസ് സംവിധായകൻ പാവോ ചോയ്‌നിങ് ഡോർജിയുടെ രണ്ടാമത്തെ ചിത്രം. ഭൂട്ടാനിലെ ഒരു ഉൾഗ്രാമമായ ലുനാനയിലെ സ്‌കൂളിൽ പഠിപ്പിക്കാനെത്തുന്ന യൂജീൻ എന്ന യുവാവിന്റെ കഥയാണ് സിനിമ ചർച്ച ചെയ്യുന്നത്. ഹിമാലയ മലനിരകളിലുള്ള പള്ളിക്കൂടത്തിൽ പഠിപ്പിക്കാനെത്തുന്ന യുജീൻ താനിതു വരെ ജീവിച്ചു പോന്നിരുന്ന സാഹചര്യത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ഗ്രാമമെന്ന് മനസ്സിലാക്കുന്നു. തന്റെ ഐപോഡ് ചാർജ് ചെയ്യാൻ പോലും സൗകര്യമില്ലെന്ന് കാണുന്ന അദ്ദേഹം തിരികെ മടങ്ങാനൊരുങ്ങുന്നു. എന്നാൽ യാത്ര ദുഷ്‌കരമാകുമെന്നറിഞ്ഞ യുജീൻ സ്‌കൂളിൽ തുടരുന്നു. മെല്ലെ അവിടവുമായി ഇഷ്ടത്തിലാവുന്ന യുജീന്റെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാവുന്നു.

സന്തോഷമെങ്ങനെ കണ്ടെത്തുമെന്ന മനുഷ്യനോളം പഴക്കമുള്ള ചോദ്യത്തിനാണ് സിനിമ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.

പ്രദർശനം: ടാഗോർ തീയറ്ററിൽ ഉച്ചതിരിഞ്ഞ് 12.15ന്

5. ദി ഓഗസ്റ്റ് വിർജിൻ (സ്‌പെയിൻ)

സ്പാനിഷ് സമാന്തര സിനിമകളിലെ വിസ്മരിക്കാനാവാത്ത പേര് യോനാസ് ട്രേബ സംവിധാനം ചെയ്ത ചിത്രം. ഇവ എന്ന യുവതിയുടെ ചില തിരഞ്ഞെടുപ്പുകൾ അവളുടെ ജീവിതത്തിലുണ്ടാക്കുന്ന ചില ശ്രദ്ധേയ മാറ്റങ്ങളാണ് സിനിമ സംസാരിക്കുന്നത്. സ്‌പെയിനിലെ ശക്തമായ വേനൽക്കാലത്ത് ആളുകൾ കടൽത്തീരങ്ങളിലേക്ക് താത്കാലികമായി താമസം മാറ്റാറുണ്ട്. എന്നാൽ ജീവിതം ആകെ മടുത്തു കഴിഞ്ഞ ചുരുക്കം ചിലരോടൊപ്പം മാഡ്രിഡിൽ താമസിക്കുന്നു. അവിടെ വെച്ച് അവൾ ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നു. അവരെ സഹായിക്കാനുള്ള ശ്രമത്തിനിടെ താൻ തന്നെത്തന്നെയാണ് ആദ്യം സഹായിക്കേണ്ടതെന്ന സത്യം അവൾ മനസ്സിലാക്കുന്നു.

നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നാല് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രദർശനം: നിള തീയറ്ററിൽ ഉച്ച തിരിഞ്ഞ് 12.30ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here