ചലച്ചിത്ര നഗരിയിൽ ‘സെൽഫി വിത്ത് പികെ റോസി’; വിസ്മരിച്ച് ഡെലിഗേറ്റുകൾ

ചലച്ചിത്ര മേള പുരോഗമിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് ഡെലിഗേറ്റുകൾ തിയറ്റർ തോറും ഓടി നടന്ന് സിനിമ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. പ്രധാന വേദിയായ ടാഗോർ തിയറ്ററിലാണ് ഏറെ തിരക്ക്. പക്ഷേ, സിനിമ സംസാരിക്കുന്ന ഇവരും നടി പികെ റോസിയെ മറന്ന മട്ടാണ്.

തിയറ്ററിന്റെ അങ്കണത്തിൽ ‘സെൽഫി വിത്ത് പികെ റോസി’ എന്ന അടിക്കുറിപ്പോടെ ഒരു കട്ടൗട്ട് വെച്ചിട്ടുണ്ട്. അടുത്തിടെ ഡബ്ല്യുസിസി ആരംഭിച്ച പികെ റോസി ഫൗണ്ടേഷനാണ് വിസ്മരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന റോസിയുടെ ഓർമ്മക്കായി ഇത്തരം ഒരു ചിന്ത കൊണ്ടുവന്നത്. പക്ഷേ, ഡെലിഗേറ്റുകൾ അധിക പേരും അത് ശ്രദ്ധിക്കുന്നില്ല. പികെ റോസി ആരാണെന്നറിയില്ലാഞ്ഞിട്ടോ സെൽഫിയെടുപ്പ് സില്ലിയാണെന്ന് തോന്നിയിട്ടോ ഒക്കെയാവാം, ഫോട്ടോ എടുക്കാൻ വരുന്നത് വളരെ ചുരുക്കം ആളുകളാണ്.

Read Also: ചലച്ചിത്ര മേള നാളെ തുടങ്ങും; മുഖ്യ ആകർഷണം സ്ത്രീ സംവിധായകരുടെ സിനിമകൾ

ആരാണ് പികെ റോസി?

മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലെ അഭിനേത്രിയായിരുന്നു പികെ റോസി. 1928 ൽ പുറത്തിറങ്ങിയ ഈ നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കൽപിച്ച് നാട് കടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് ഇവർ. സിനിമയിൽ അഭിനയിച്ചതിന് തന്റെ കൂര അഗ്‌നിക്കിരയാകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് റോസിക്ക്.

ദളിത് കുടുംബത്തിൽ ജനിച്ച് ക്രിസ്തുമതം സ്വീകരിച്ച ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന റോസിയുടെ റോസിയുടെ അച്ഛന് കുശിനിപ്പണി ആയിരുന്നു. താഴ്ന്ന ജാതിക്കാരിയായ റോസി സവർണ്ണ കഥാപാത്രമായി സിനിമയിൽ അഭിനയിച്ചു എന്നാരോപിച്ച് തീയറ്ററിൽ റോസിയുടെ ദൃശ്യങ്ങൾ വരുമ്പോഴൊക്കെ ആളുകൾ കൂവുകയും ചെരുപ്പുകൾ തിരശീലയിലേക്ക് എറിയുകയും ചെയ്തു.

തിരശീല ആളുകൾ കുത്തിക്കീറി. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് നാട്ടുകാർ പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്തു. ആളുകൾ അവരുടെ വീടിന് തീ വെക്കുകയും കല്ലെറിയുകയും ചെയ്തു. സിനിമയിൽ അഭിനയിച്ചതിനെത്തുടർന്ന് ഭ്രഷ്ട് കല്പിക്കപ്പെട്ട അവരെ വിവാഹം കഴിക്കാൻ ആരും തയ്യാറായില്ല. തുടർന്ന് ഒരു ഡ്രൈവറോടൊപ്പം റോസി തമിഴ്‌നാട്ടിലേക്ക് നാടുവിട്ടു. റോസിയുടെ കുടുംബവും വീട് വിറ്റ് നാടു കടന്നു. പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവുമില്ല.

2013ൽ ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി പ്രസിഡന്റായ കമൽ റോസിയെയും വിഗതകുമാരനെയും ആസ്പദമാക്കി ‘സെല്ലുലോയ്ഡ്’ എന്ന ചിത്രം ഒരുക്കിയിരുന്നു. മറന്നു പോകരുതാത്ത ഒരു പേരാണ് ‘പികെ റോസി’. മലയാളത്തിന്റെ സിനിമാ ചരിത്രത്തിന്റെ തലപ്പത്ത് ഈ ദളിത് കലാകാരി വെട്ടിത്തുറന്ന പാതയിലൂടെയാണ് പിന്നീടിങ്ങോട്ട് അഭിനേത്രികൾ നടന്നത്. പികെ റോസി വിസ്മരിക്കപ്പെടരുത്.

 

iffk 2019, pk rosie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top