ആഫ്രിക്കയിലെ കോംഗോയിൽ വിമത ആക്രമണം; 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു

ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക ഭരണാധികാരി ഡോണത്ത് കിബ് വാന പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും കിബ് വാന അറിയിച്ചു.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന വിമത സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മരിച്ച 22 പേരും കർഷകരാണെന്ന് ബേനി സിവിൽ സൊസൈറ്റി പ്രസിഡന്റ് നോയല്ല കാറ്റ്സോങ്കർവാക്കി പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്താനും ശവസംസ്‌കാരം നടത്താനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ഭരണാധികാരി ഡോണത്ത് കിബ് വാന അറിയിച്ചു.
കഴിഞ്ഞ ദിവസം ബേനിയിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതടക്കം ഈ മാസം കിഴക്കൻ കോംഗോയിൽ മൊത്തം 32 പേരാണ് വിമത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന വിമത ആക്രമണങ്ങളിൽ നൂറ്റമ്പതിലേറെ പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മനുഷ്യാവകാശ സംഘടനയായ സെപാദോ പറയുന്നു.
160ഓളം വിമത സംഘടനകളാണ് കിഴക്കൻ കോംഗോയിൽ പ്രവർത്തിക്കുന്നത്. ഈ സംഘടനകളിലൊന്നായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് ബേനി നഗരത്തിൽ ആക്രമണം നടത്തുന്നത് പതിവാണ്. യുഎൻ സമാധാനസേനയിലെ അംഗങ്ങളെയടക്കം ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഡിഎഫ് കൊലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here