ഓർമകൾക്ക് സുഗന്ധം നൽകുന്ന ക്രിസ്തുമസ്‌

ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രതയുടെ തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പിന്റ സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ  അങ്ങനെ അങ്ങനെ അങ്ങനെ….

എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് അല്ലേ?… ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ്.

ക്രൈസ്തവരുടെ ആഘോഷമെന്ന് നാം വിശ്വസിക്കുന്ന പലതും യഥാർത്ഥത്തിൽ ക്രിസ്തുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലായിരുന്നു. ഒരു മതത്തിന്റെയും ഭാഗമല്ലാതിരുന്ന ആഘോഷങ്ങൾ പിന്നീട് ക്രിസ്മസിന്റെ ഭാഗമായ വേറിട്ട കാഴ്ചയാണ് ക്രിസ്മസ് പറഞ്ഞുതരുന്നത്. 1908 ലെ കാത്തലിക് എനസൈക്ലോപീഡിയ തന്നെ പറയുന്നുണ്ട്. ക്രിസ്മസ് സഭയുടെ ആഘോഷമല്ലായിരുന്നെന്ന്. കാലം കടന്നുപോയപ്പോൾ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഉത്സവമായി ക്രിസ്മസ് മാറിയെന്നത് ചരിത്രം കാത്തുവെച്ച കൗതുകം.

ക്രിസ്മസ് പലടത്തും പല തീയതികളിലാണ് ആഘോഷിക്കുന്നത്.  കത്തോലിക്കർ,പ്രൊട്ടസ്റ്റന്റുകൾ,ഗ്രീക്ക് ഓർത്തഡോക്‌സ് സഭ,റുമേനിയൻ ഓർത്തഡോക്‌സ് സഭ തുടങ്ങിയർ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25 നാണ്. റഷ്യൻ,സെർബിയൻ,മാസിഡോണിയൻ,,ജോർജിയൻ യുക്രേനിയൻ ഓർത്തഡോക്‌സ് സഭകൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെങ്കിലും ജർമനിയിൽ നിന്ന് വന്നതാണെന്ന് ചരിത്രം പറയുന്നു.
ക്രിസ്മസ് ട്രീയും സമ്മാനം കൈമാറലുമൊക്കെ ക്രിസ്തുമസിന് മുൻപുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷ ദിനത്തിലെ ആചാരങ്ങളാണ്. ഇവ പിന്നീട് ക്രിസ്മസ് വേഷത്തിലെത്തുകയായിരുന്നു. 1038 ൽ പ്രചാരത്തിലിരുന്ന ക്രിസ്തിവിന്റെ കുർബാന എന്ന് അർത്ഥമുള്ള ക്രിസ്റ്റെസ് മാസെയാണ് ക്രിസ്മസ് ആയത്. ക്രിസ്തുവിന്റെ ജന്മദിനമാണല്ലോ ക്രിസ്മസ്. വിശുദ്ധരല്ല, പാപികളാണ് ജന്മദിനം ആഘോഷിക്കുന്നതെന്ന വിശ്വാസവും പ്രചാരത്തിലുണ്ടായിരുന്നു.

ക്രിസ്മസ് നക്ഷത്രം

പുതുലോകപ്പിറവിക്കായി രക്ഷകൻ പുൽക്കൂട്ടിൽ പിറന്ന വിവരമറിഞ്ഞു ആദ്യമെത്തിയ ആട്ടിടയർക്ക് വഴികാട്ടിയായത് ആകാശത്തുദിച്ചുയർന്ന ഒരു നക്ഷത്രമായിരുന്നു. ആ സ്മരണകളാണ് ക്രിസ്തുമസ് നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളായി പരിണമിച്ചത്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. വേറൊരു കഥകൂടി പ്രചാരത്തിലുണ്ട്. ക്രിസ്തു രാജാവാകുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഹെരോദ് രാജാവ്, രാജ്യത്ത് ജനിച്ച എല്ലാ ആൺ കുഞ്ഞുങ്ങളെയും കൊന്നുകളയാൻ കൽപ്പന കൊടുത്തു.

ഉണ്ണിയേശു എവിടെയെന്ന് അന്വേഷിച്ചെത്തിയ വിദ്വാന്മാരോട് കുഞ്ഞിനെ കണ്ടാൽ വിവരം പറയണമെന്ന് ഹെരോദ് ചട്ടം കെട്ടി. ബെത്‌ലഹേമിലേക്കു യാത്ര തിരിച്ച വിദ്വാന്മാർക്ക് വഴികാട്ടിയായത് ഒരു നക്ഷത്രമാണ്. ഈ നക്ഷത്രത്തെ അദ്ഭുത നക്ഷത്രമായാണ് കണ്ടിരുന്നത്. മതാധ്യക്ഷന്മാർ ബേത്‌ലഹേമിലെ താരകത്തെ ഒരു പ്രവചനത്തിന്റെ പൂർണ്ണതയായി കാണുന്നു. ജ്യോതിഷികളാകട്ടെ ആകാശത്ത് നടന്ന അസാധാരണ സംഭവവുമായും.ഈ ബേത്‌ലഹേം നക്ഷത്രത്തിന്റെ ഓർമയ്ക്കാണ് നാം നക്ഷത്രവിളക്കുകൾ ക്രിസ്മസ് വേളയിൽ അലങ്കാരത്തിനുപയോഗിക്കുന്നതെന്നത് പറഞ്ഞു പഴകിയ മറ്റൊരു കഥ.

പുൽക്കൂട്

പുൽക്കൂടിൽ പിറന്ന പുണ്യരക്ഷകൻ… ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസമാണ് ക്രിസ്തുമസിന് പുൽക്കൂടൊരുക്കാൻ കാരണമായത്. 1224 ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂടാണ് പിൽക്കാലത്തെ പുൽക്കൂടൊരുക്കലുകൾക്ക് പ്രചോദനമായത് എന്നതും ഒരു വിശ്വാസമാണ്. ഫ്രാൻസിസ് അസീസി പ്രകൃതി സ്നേഹിയായിരുന്നു.

ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ കാലിത്തൊഴുത്ത് കെട്ടിയുണ്ടാക്കി. ജീവനുള്ള മൃഗങ്ങളും മനുഷ്യരുമായി യഥാർഥ പുൽക്കൂടാണൊരുക്കിയത്.
ഒരു ക്രിസ്മസ് രാത്രിയിലാണ് ഈ പുൽക്കൂടൊരുങ്ങിയത് പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പിന്നീട് ഈ പുൽക്കൂടൊരുക്കൽ ലോകവ്യാപകമായി. ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തിയാണ് പുൽക്കൂട് ഒരുക്കുന്നത്.
ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ക്രിസ്മസ് ട്രീ

ക്രിസ്തുമസിന്റെ സാർവദേശീയ പ്രതീകമായ ക്രിസ്തുമസ് ട്രീ ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു ജർമ്മൻകാർക്ക് ക്രിസ്തുമസ് ട്രീ.  പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് ക്രിസ്മസ് കാലത്ത് ഉപയോഗിച്ചിരുന്നത്. ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു.  മരങ്ങളോ അല്ലെങ്കിൽ സ്തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് ട്രീക്കായി ഉപയോഗിക്കുന്നത്.

അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് ട്രീയിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്നതും പലയിടത്തും ആഘോഷങ്ങലിലെ പുതുമയായി.
2014 ൽ ഹോണ്ടൂറാസിൽ 2945 പേർ അണിനിരന്ന് രൂപം കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ എന്ന ഗിന്നസ് റിക്കോർഡ് നേടി. ഹോണ്ടുറാസ്‌കാരുടെ റെക്കോഡ് തിരുത്തിയത് നമ്മൾ മലയാളികളാണ്.

2015 ഡിസംബർ 19 ന് ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് ട്രീ നിർമിച്ച് പുത്തൻ റെക്കോഡ് തീർത്തു. എന്നാൽ, ആദ്യത്തെ ക്രിസ്മസ് ട്രീ ഉണ്ടാക്കിയത് 1837 ൽ ഫ്രാൻസിലാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ്വൽറ്റ് 1901 ൽ വൈറ്റ് ഹൗസിൽ ക്രിസ്മസ് ട്രീ നിരേധിച്ചത് മറ്റൊരു ചരിത്രം. മരങ്ങൾ വെട്ടുന്നതിനോടുള്ള എതിർപ്പായിരുന്നു ഈ നിരോധനത്തിന്പിന്നിൽ.

സാന്റയില്ലാതെന്ത് ക്രിസ്മസ്…

ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയിൽ മായാത്ത ചിരിയുമായെത്തുന്ന സുന്ദരനായ അപ്പൂപ്പൻ..നരച്ച താടിയും മുടിയുമുള്ള നമ്മുടെ ഈ ക്രിസ്മസ് അപ്പൂപ്പൻ ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ ഇട്ടു കൊടുക്കുമെന്നാണ് ഐതിഹ്യം. അതുകൊണ്ടു തന്നെയാണ് ലോകമെന്പാടുമുള്ള കുട്ടികൾ സാന്റയുടെ സമ്മാനം കാത്തിരിക്കുന്നത്.

ഇനി ആരാണ് ഈ സാന്റയെന്നറിയേണ്ടെ ….

നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ശരിക്ക് പറഞ്ഞാൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന ബിഷപ്പാണ് പിന്നീട് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസിനോടടുത്ത് ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം.

ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പേരുകൾ പലതുമാകട്ടെ കുട്ടികൾക്ക് പ്രിയപ്പെട്ടവൻ, അവനാണീ സാന്റാ….

ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പൻ ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കൾ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്നത്.

കാരോൾ ഗാനം

ക്രിസ്മസ് കാലമായാൽ വീട്ടിലെത്തുന്ന ഗായക സംഘങ്ങൾ  ക്രിസ്മസ് ആഘോഷത്തിന്റെ നിറക്കാഴ്ചയാണ്. ഫ്രഞ്ച് വാക്കായ കാരൾ(carole) എന്നാൽ വട്ടത്തിൽ നൃത്തം ചെയ്യുക എന്നാണ് അർത്ഥം. ലാറ്റിൻ വാക്കായ കൊറൗല(choraula) എന്ന വാക്കിന് ഗായകരോടൊപ്പം വട്ടത്തിൽ നൃത്തം ചെയ്യുക എന്നും കൊറൗലെസ് (choraules) എന്ന എന്നാലോ ഓടക്കുഴലിനൊപ്പം നൃത്തം ചെയ്യുകയെന്നും. ഓടക്കുഴൽ വായനക്കാരൻ എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ കൊറൗലെസ്(khoraules) എന്ന വാക്കുമായും കരോൾ ബന്ധപ്പെട്ടിരിക്കുന്നു. .

കരോൾ ആദ്യമായി പാടിയത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് യൂറോപ്പിലാണ്. എന്നാൽ, അത് ക്രിസ്തുമസ് കരോൾ ആയിരുന്നില്ല. ദക്ഷിണായനാന്ത (ഡിസംബർ 21 -23 ) ആഘോഷത്തിന് അക്രൈസ്തവർ നൃത്തം ചെയ്ത് ആലപിക്കാറുള്ള ഗാനങ്ങളായിരുന്നു. എല്ലാ കാലങ്ങളിലും കരോൾ എഴുതപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ക്രിസ്തുമസിന് ആലപിക്കുന്ന പാരമ്പര്യം മാത്രമേ അവശേഷിച്ചുള്ളൂ.

ആദ്യ ക്രിസ്ത്യാനികൾ അയനാന്തകാലത്തെ ആഘോഷരീതി ഏറ്റെടുത്ത് ക്രിസ്തുമസിന് ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന രീതി കൊണ്ടുവന്നു.
ലാറ്റിനിൽ എഴുതപ്പെട്ട ഗാനങ്ങൾ അന്ന് സ്തോത്രങ്ങൾ(ഒ്യാി)െ എന്ന് അറിയപ്പെട്ടു.

ആദ്യ കരോൾ 1410-ലാണ് എഴുതപ്പെട്ടത്. പരിശുദ്ധ മറിയവും യേശുവും ബെത്ലെഹെമിൽ പലരെയും കണ്ടുമുട്ടുന്നതിനെക്കുറിച്ചായിരുന്നു ആ കരോൾ… 1647-ൽ പ്യൂരിറ്റന്മാർ അധികാരത്തിൽ വന്നപ്പോൾ ക്രിസ്തുമസ് ആഘോഷവും കരോൾ ആലാപനവും വിലക്കപ്പെട്ടു.
എന്നാൽ, രഹസ്യമായി കരോളുകൾ തുടർന്നു. വിക്ടോറിയൻ കാലഘട്ടം വരെ കരോൾ നിശ്ചലമായിരുന്നു. വില്യം സാൻഡിസ്, ഡേവിസ് ഗിൽബെർട് എന്നിവർ ഇംഗ്ലണ്ടിലെ പഴയതും പുതിയതുമായ ക്രിസ്തുമസ് ഗാനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. അങ്ങനെ ക്രിസ്തുമസ് ഗാനാലാപനം പുനരുജ്ജീവിപ്പിച്ചു. വീടുകളിലൂടെ കയറി ഇറങ്ങിയുള്ള കരോൾ ആരംഭിച്ചു. കരോൾ ആലാപനം ജനപ്രിയമാകുന്നതിനുമുന്പ് ഔദ്യോഗിക കരോൾ ഗായകരുണ്ടായിരുന്നു. ക്രിസ്തുമസ്

ക്രിസ്തുമസ് രാത്രി മാത്രം പാടുന്ന അവർക്കു മാത്രമേ ആളുകളിൽ നിന്നും പണം മേടിക്കുവാനുള്ള അവകാശമുണ്ടായിരുന്നുള്ളു. പിന്നീട് പുതിയ കരോൾ രീതികൾ വരുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടെ ക്രിസ്തുമസ് വേനൽക്കാലത്താണ്.

ഇവിടെ മെഴുകുതിരി കത്തിച്ച് ക്രിസ്തുമസിന് മുൻപ് പുറത്ത് കരോൾ സംഗീതമേള വയ്ക്കുന്ന രീതിയുണ്ട്. ആദ്യം മെൽബണിൽ നടത്തിയ ‘കരോൾ ബൈ കാൻഡിൽലൈറ്റ്’ എന്ന പരിപാടി പിന്നീട് പലയിടങ്ങളിൽ നടത്തുകയുണ്ടായി. പ്രസിദ്ധരായ പാട്ടുകാരും മറ്റും പങ്കെടുക്കുന്ന ഈ പരിപാടിയിൽ കാണികൾ കത്തിച്ച തിരിയുമായി പങ്കുചേരും.

സൈലന്റ് നൈറ്റ്
ഓ ഹോളി നൈറ്റ്
ഓ കം ഓൾ യെ ഫെയ്ത്ഫുൾ
ജോയ് ടു ദി വേൾഡ്
ദി ഫസ്റ്റ് നോയൽ
ഹാർക് ദി ഹെറാൾഡ് എയ്ന്ജൽസ് സിങ്,
ഡ്രമ്മർ ബോയ്, ജിംഗിൾ ബെൽസ് എന്നിവയെല്ലാം ഏറെ ജനകീയമായ കാരളുകളായി ഇന്നും ലോകമെമ്പാടും ഏറ്റുപാടുന്നു.

 ക്രിസ്തുമസ് കാർഡുകൾ

മൊബൈലും വാട്‌സ്ആപ്പും തുടങ്ങി ആധുനിക ആശംസ കൈമാറ്റക്കാരുടെ വരവിനു മുൻപ് ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ് കാർഡുകൾ കൈമാറ്റം ചെയ്യുന്ന പതിവുണ്ടായിരുന്നു..  അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം; എന്ന വാക്കാണ് ക്രിസ്തുമസ് കാർഡുകളിലേക്ക് പടരുന്നത്.  ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്.  ആദ്യത്തെ ക്രിസ്മസ് കാർഡ് വില്യം ഈഗ്ലി അയച്ചത് 1842ലായിരുന്നെന്ന് ചരിത്രം പറയുന്നു.

നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് കാർഡുകളിൽ പതിപ്പിച്ചിരുന്നത്. എന്നാൽ, ഇന്ന് ക്രിസ്തുമസ് ആഘോഷങ്ങൾ കൂടുതൽ ജനകീയമാണ്. മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് കാർഡുകൾ അണിഞ്ഞൊരുങ്ങുന്നത്.

ക്രിസ്മസ് കേക്കിന്റെ കഥ

ക്രിസ്തുമസ് സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഉത്സവമാണ്. ക്രിസ്തുമസ്ഗാനം പോലെ മധുരതരമാണ് ക്രിസ്മസ് കേക്ക്. ക്രിസ്തുമസ് കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്തുമസ് പൂർണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മൾ. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം.

മദ്ധ്യകാല ഇംഗ്ലണ്ടിലാണ് പ്ലം കേക്കിന്റെ തുടക്കം. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ആളുകൾ ക്രിസ്മസിന് ഒരുക്കമായി നോമ്പും ഉപവാസവും ആചരിച്ചിരുന്നു. ലൗകീകമായ എല്ലാ ആനന്ദങ്ങളിൽ നിന്നും ആ നാളുകളിൽ അവർ അകന്നുനിൽക്കും. ക്രിസ്മസിന് തലേന്ന് അവർ കഴിച്ചിരുന്ന വിഭവമായിരുന്നു പ്ലം പോറിഡ്ജ്. തനി ലോക്കൽ ഭാഷയിൽ പറഞ്ഞാൽ കഞ്ഞി. പിന്നീട് ആ പോറിഡ്ജിൽ ഓട്ട്‌സും സ്‌പൈസസും തേനും ചിലപ്പോൾ ബീഫും ചേർത്തു. പിറ്റേന്നത്തെ വിഭവസമൃദ്ധമായ ആഘോഷത്തിന് വയറിനെ ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ ഈ പോറിഡ്ജ് ആണ് ക്രിസ്മ്‌സ് പ്ലം കേക്കിന്റെ മുതുമുത്തച്ഛൻ.

പിന്നീട് ഓരോ ക്രിസ്മസും കഴിയുന്തോറും ഓരോരുത്തരും അവരുടെ മനോധർമ്മമനുസരിച്ച് ഓരോ ചേരുവകൾ ചേർത്തു. പതിനാറാം നൂറ്റാണ്ടിൽ ഓട്‌സിന് പകരം അതിൽ ധാന്യപൊടിയും ഉണക്കമുന്തിരിയും സ്ഥാനംപിടിച്ചു. ക്രിസ്മസ് തലേന്ന് ഫാസ്റ്റിംഗ് കഴിഞ്ഞ് കഴിക്കാനായി ഉണ്ടാക്കിയിരുന്ന പ്ലം പോറിഡ്ജ്.
പല ചേരുവകൾ ചേർന്നതോടെ ക്രിസ്മസ് പുഡ്ഡിംഗ് ആയി മാറി.

അങ്ങനെ കഞ്ഞിരൂപത്തിലുണ്ടായിരുന്ന പഴയ പോറിഡ്ജ് കുറച്ചുകൂടി കട്ടികൂടി മാവിന്റെ രൂപത്തിലായി. ആ മാവ് ആകട്ടെ അവർ മസ്ലിൻ തുണിയിൽ പൊതിഞ്ഞ് ചൂടുവെള്ളം നിറച്ച പാത്രത്തിൽ വെച്ച് ചൂടാക്കാൻ തുടങ്ങി. അത് ഒരു ബോളിന്റെ രൂപത്തിലായിത്തീർന്നു. ബേക്കിംഗ് സൗകര്യമുണ്ടായിരുന്ന സമ്പന്നർ വെള്ളത്തിലിട്ട് ചൂടാക്കാതെ, അത് ബേക്ക് ചെയ്‌തെടുത്തു തുടങ്ങി. കേക്കിന് ഒരു നിയതരൂപവും കൈവന്നു.

പിന്നീട് ക്രിസ്മസിനു തൊട്ടുമുമ്പ് വരെ കാത്തിരിക്കാതെ, ഡിസംബർ ആദ്യം തന്നെ കേക്കുണ്ടാക്കി തുടങ്ങുന്ന പതിവിലേക്ക് മാറി.
അതോടെ കേക്കുകൾ അലങ്കരിച്ചുതുടങ്ങി. പക്ഷേ, എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആർക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതിൽ ചേർത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതല്ല ഒറിജിനൽ പോറിഡ്ജിൽ പ്ലം ചേർത്തിരുന്നതുകൊണ്ടാവാം ആ പേര് വീണതെന്ന് പറയുന്നവരും ഉണ്ട്.

കാലം ഒരുപാട് കഴിഞ്ഞെങ്കിലും കേക്കിന്റെ പ്രിയം കൂടിക്കൂടി വരുന്നതേയുള്ളു. 19-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലത്ത് കേക്ക് ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകുമെന്ന് കരുതിയിരുന്നു. കാരണം വിക്ടോറിയ രാജ്ഞി ക്രിസ്മസ് കഴിഞ്ഞുവരുന്ന ട്വെൽത് നൈറ്റ് നിരോധിച്ചപ്പോൾ.
അന്നത്തെ പ്രധാനവിഭവും ഈ പ്ലം കേക്ക് തന്നെയായിരുന്നു. പക്ഷേ, രാജ്ഞി മൺമറഞ്ഞെങ്കിലും കേക്ക് പിടിച്ചുനിന്നു.

ഇംഗ്ലണ്ടിൽ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവൻ പടർന്നത് ബ്രിട്ടീഷ് കോളനികളിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷ്‌കാരിലൂടെയായിരുന്നു. അവരുടെ കോളനികളായിരുന്ന അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന ബ്രിട്ടീഷ് കുടുംബങ്ങൾ കേക്കുണ്ടാക്കാൻ തുടങ്ങിയതോടെയാണ് ക്രിസ്മസ് കേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചാരം നേടിയത്.

അവരാണ് ക്രിസ്തുമസിന് കേക്കും വൈനും പ്രചാരത്തിലാക്കിയത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് പ്ലം കേക്ക് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സാധാരണമായി. ചില സ്ഥലങ്ങളിൽ ക്രിസ്മസിന് മുന്നോടിയായി ക്രിസ്മസ് കേക്ക് മിക്‌സിംഗ് തന്നെ ചടങ്ങായി മാറിക്കഴിഞ്ഞു. നട്‌സ് മാത്രമല്ല ചിലർ അതിൽ ബ്രാൻഡിയും റമ്മും ചേർക്കുന്നു.

അങ്ങനെ പ്ലം പോറിഡ്ജ് കേക്കായി രൂപം പ്രാപിച്ചെങ്കിലും ഓരോരുത്തരും അവർക്കിഷ്ടമുള്ള ചേരുവകൾ ചേർത്തെങ്കിലും ഒരു കാര്യം എല്ലായിടത്തും ശരിയാണ് ഈ പ്ലം കേക്കിലൊന്നും പ്ലമ്മിന്റെ അംശമേയില്ല. എന്തായാലും ക്രിസ്മസെന്നത് മതേതര ആഘോഷമെന്ന് ചരിത്രം പറയുന്നു.
ചരിത്രത്തോടൊപ്പം നിന്ന് ലാളിത്യത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമാകട്ടെ ക്രിസ്മസ് എന്നും എപ്പോഴും…

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top