ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മരണ സംഖ്യ ഉയരുന്നു

ഫിലിപ്പൈൻസിലുണ്ടായ ചുഴലിക്കാറ്റിൽ മരണ സംഖ്യ ഉയരുന്നു. 16 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. നിരവധി പേരെ കാണാതായതായാണ് റിപ്പോർട്ട്
മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. ചൊവ്വാഴ്ച കിഴക്കൻ സമാർ പ്രവിശ്യയിൽ ആദ്യം എത്തിയ ഫാൻഫോൺ ചുഴലിക്കാറ്റ് കടന്നുപോയ വഴികളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.
അൻപത്തിയെട്ടായിരത്തിലധികം പേർ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറ്റി. സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ജനങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിശ്ചലമായിരിക്കുകയാണ്, ചുഴലിക്കാറ്റിനെ തുടർന്ന് കപ്പൽ സർവീസുകൾ നിർത്തിവെച്ചതോടെ നിരവധി ദ്വീപുകൾ ഒറ്റപ്പെട്ടു. ഫിലിപ്പെൻസിൽ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാൻഫോൺ വിയറ്റ്‌നാമിനെ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് സൂചന. 2013ന് ശേഷം ഫിലിപ്പെൻസിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇത്. 2013ലുണ്ടായ ഹയാൻ ചുഴലിക്കാറ്റിൽ ആറായിരത്തിലധികം പേരാണ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here