ഇത് കേരളാ മോഡൽ: മണ്ണാർക്കാട് സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധത്തിനിടെ ആംബുലൻസിനു വഴിയൊരുക്കുന്ന ജനക്കൂട്ടം; വീഡിയോ വൈറൽ

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലും അങ്ങോളമിങ്ങോളം ആളുകൾ തെരുവിൽ ഇറങ്ങുന്നുണ്ട്. പലയിടത്തും വിവിധ സാംസ്കാരിക സംഘടനകൾ സംഘടിച്ച് പീപ്പിൾസ് മാർച്ചാണ് നടക്കുന്നത്. ഇതിനിടയിലാണ് പാലക്കാട് മണ്ണാർക്കാട് തെരുവ് കീഴടക്കിയ ജനതയുടെ കരുതൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. റോഡ് നിറഞ്ഞൊഴുകുന്ന പ്രതിഷേധക്കാർക്കിടയിലേക്കാണ് ആംബുലൻസ് കുതിച്ചെത്തുന്നത്. ഉടൻ തന്നെ ആരുടെയും നിർദ്ദേശമില്ലാതെ റോഡിൻ്റെ ഇരുവശത്തേക്കും ധ്രുതഗതിയിൽ മാറിയ അവർ ആ ആംബുലൻസിനു കടന്നു പോകാൻ കൃത്യമായ വഴിയൊരുക്കി. മോശ കടൽ പിളർത്തിയ ഐതിഹ്യത്തിന് മണ്ണാർക്കാട് സാക്ഷ്യം വഹികുന്ന ദൃശ്യത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
മണ്ണാർക്കാട് നഗരത്തിൽ ഐക്യത്തിൻ്റെ സന്ദേശം തീർത്ത് അണിനിരന്ന ജനസാഗരത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മണ്ണാർക്കാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയാണ് ഈ റാലി സംഘടിപ്പിച്ചത്‍. താലൂക്കിലെ വിവിധ മതവിശ്വാസികൾ, മഹല്ല് കമ്മിറ്റികൾ, സാംസ്കാരിക കൂട്ടായ്മകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി സമൂഹം, സംഘടനകൾ, എന്നിവരൊക്കെ ഭരണഘടന സംരക്ഷണ സമിതിയിൽ പെടും.
വൈകിട്ട് കുന്തിപ്പുഴ കമ്യൂണിറ്റി ഹാൾ പരിസരത്തു നിന്നു ആരംഭിച്ച റാലി ആറോടെ നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടിൽ അവസാനിച്ചു. മതേതരത്വ പ്രതിജ്ഞയെടുത്താണ് ജനക്കൂട്ടം പിരിഞ്ഞത്. എൻ ഷംസുദ്ദീൻ എംഎൽഎ, മുൻ ഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Story Highlights: CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here