മെട്രോയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് ഇനി ‘മെട്രോ മിക്കി’

മെട്രോയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിക്ക് പേരിട്ട് മൃഗ സ്‌നേഹികൾ. മെട്രോ മിക്കി എന്നാണ് പെൺപൂച്ചയ്ക്ക് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്പിസിഎ) അധികൃതർ പേരിട്ടത്.
അഞ്ച് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞ് ദിവസങ്ങളോളം മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിക്കിടന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചി വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ചയെ അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിച്ചത്. പൂച്ചക്കുഞ്ഞ് താഴേക്ക് ചാടി ഓടി മറയുകയായിരുന്നു. പിന്നീട് പൂച്ചയെ ആളുകൾ പിടികൂടി.
Read Also: കൊച്ചി മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ച താഴേക്ക് ചാടി ഓടി മറഞ്ഞു
പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് പൂച്ചക്കുട്ടി. ഇപ്പോഴും ആളുകളും ശബ്ദവുമെല്ലാം മിക്കിക്കുട്ടിയെ അസ്വസ്ഥയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പുകിലൊക്കെ ഉണ്ടാക്കിയ മിക്കി ഭക്ഷണവും പാലുമൊക്കെ കിട്ടിയപ്പോൾ മിടുക്കിയായി. പിടികൂടിയ അന്ന് അക്രമാസക്തയായ മിക്കി ആളുകളുടെ കൈയൊക്കെ കടിച്ചുമുറിച്ചിരുന്നു.
എല്ലാവരോടും പെട്ടന്ന് ഇണങ്ങിയ പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാൻ ആളെ തേടുകയാണ് അധികൃതർ. ടാബി ഇനത്തിൽ പെട്ട ഇവളെ ദത്തെടുക്കാൻ ആഗ്രഹിച്ച് നിരവധി ആളുകൾ എത്തുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് ശേഷം ആയിരിക്കും ദത്തെടുക്കൽ നടപടികൾ. മറ്റ് ജീവികൾ ഉള്ള വീട്ടിലേക്ക് മിക്കിയെ നൽകില്ലെന്ന് എസ്പിസിഎ അധികൃതർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here