Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (28.01.2020)

January 28, 2020
Google News 1 minute Read

‘രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമേ കൈയിലുള്ളൂ’; സഹായം അഭ്യര്‍ത്ഥിച്ച് ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്താന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍. രാത്രിയിലത്തേക്ക് കഴിക്കുന്നതിനുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളതെന്നും പുറത്തിങ്ങാനാവുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ച് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള യിച്ചാംഗ് എന്ന സ്ഥലത്തെ യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാര്‍ത്ഥികളുള്ളത്.

ചൈനയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും: അനുമതി ലഭിച്ചു

കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും. ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുക. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുമതി ചൈന നല്‍കി.

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും ; നയപ്രഖ്യാനത്തില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ അവതരിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്ന ചോദ്യം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലുള്ള പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാവും എന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം.

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്

കേരളത്തിൽ ആശുപത്രിയിൽ ഉള്ളവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോ. ഷൗക്കത്തലി. വൈറസ് ബാധയെ നേരിടാൻ കേരളത്തിൽ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘാംഗമാണ് ഷൗക്കത്തലി.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ അപാകത; മരട് മുനിസിപ്പാലിറ്റിക്കെതിരെ കേസ്

കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി മരട് മുനിസിപ്പാലിറ്റിക്കെതിരെ കേസെടുത്തു. ദേശീയ ഹരിത ട്രിബ്യൂണലാണ് കേസെടുത്തിരിക്കുന്നത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മാലിന്യ നീക്കത്തിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്നും മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലത്തിൽ പോലും അവ്യക്തതയുണ്ടെന്നും ട്രിബ്യൂണൽ പറയുന്നു. പൊടിപടലം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് ഇന്ന് നോട്ടിസ് നൽകും.

മഹാശൃംഖലയിൽ പങ്കെടുത്തു; ലീഗ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

എൽഡിഎഫ് സംഘടിപ്പിച്ച മഹാശൃംഖലയിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.

പൗരത്വ നിയമ ഭേദഗതി; അപേക്ഷകർ ജാതി സർട്ടിഫിക്കേറ്റ് കൂടി ഹാജരാക്കണം

പൗരത്വ നിയമ ഭേദഗതി വഴി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നവർ ജാതി സർട്ടിഫിക്കേറ്റ് കൂടി ഹാജരാക്കണം. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പൗരത്വ നിയമ ഭേദഗതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 1300 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജർമനിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here